കോഴിക്കോട്: 1954 ഒക്ടോബര്‍ 31ന് ചേവരമ്പലം കേന്ദ്രമാക്കി ആരംഭിച്ച യുവജന സ്പോര്‍ട്സ ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ വൈകിട്ട് 4 മണിക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൃന്ദാവന്‍ കോളനി പരിസരത്ത് നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ച ബീന ആര് ചന്ദ്രന് വൈകിട്ട് 6 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ എ.പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായ ലൈബ്രറിയുടെ മുന്‍ സെക്രട്ടറി കൂടിയായ സി.കെ.മുരളീധരനെ ചടങ്ങില്‍ ആദരിക്കും. കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ സരിത പറയേരി, വി.പ്രസന്ന, എം.എന്‍.പ്രവീണ്‍ എന്നിവര്‍ ആശംസകള്‍ നേരും.
തുടര്‍ന്ന് മാധവിക്കുട്ടിയുടെ വേനലൊഴിവ് എന്ന ചെറുകഥയെ ആസ്പദമാക്കി ബീന.ആര്.ചന്ദ്രന് ഒറ്റ ഞാവല്‍മരം എന്ന ഏക പാത്ര നാടകം അവതരിപ്പിക്കും. 2025 ഏപ്രില്‍-മെയ് മാസത്തില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന ചേവരമ്പലം ഫെസ്റ്റോടെ പരിപാടികള്‍ സമാപിക്കും. വരാനിരിക്കുന്ന ആറുമാസ കാലയളവില്‍ വിവിധ കലാ സാംസ്കാരിക പരിപാടികള്‍, മത്സരങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ചേവരമ്പലം എല്‍.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കലാകായിക മത്സരങ്ങള്‍, അങ്കണവാടി കലോത്സവം, പ്രാദേശിക ചിത്ര രചന എന്നിവ നടക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ 2016ല്‍ പ്രാദേശിക വികസന ഫണ്ടായി അനുവദിച്ച 35 ലക്ഷം രൂപ ചിലവിട്ടാണ് മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചത്. 16,000ത്തിലധികം പുസ്തകങ്ങളുള്ള എ ഗ്രേഡ് ലൈബ്രറിയാണ്. 90 വനിതകള്‍ ഉള്‍പ്പെടെ 256 പേര് അംഗങ്ങളാണ്. വനിതാവേദി, ബാല വേദി, വയോജന വേദി, വായനാക്കൂട്ടം എന്നിവയും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ലൈബ്രറി പ്രസിഡണ്ട് എന്‍.ശ്രീനിവാസന്, വി.ടി.ജയരാജന്, പ്രോഗ്രാം കമ്മറ്റി ചെയര്മാന്, ജന.കണ്‍വീനര്‍ കെ.പി.ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
യുവജന സ്പോര്‍ട്സ് ക്ലബ്ബ് ആന്റ് ലൈബ്രറി ചേവരംമ്പലം
70-ാം വാര്‍ഷികാഘോ ഉദ്ഘാടനം നാളെ (31)ന്