കളമശ്ശേരി:ഹാക്ക് ദി ബോക്‌സും സിസി സൈബര്‍ കാമ്പസും ചേര്‍ന്ന് 26-ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സംഘടിപ്പിച്ച വാഷ്‌കോണ്‍ സൈബര്‍സുരക്ഷാ സമ്മേളനം ശ്രദ്ധേയമായി. 200-ലധികം പങ്കാളികള്‍ വിവിധ മേഖലകളില്‍ നിന്ന് പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനും ന്യായസതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ റൗള്‍ ജോണ്‍ അജു ഉദ്ഘാടനം നിര്‍വഹിച്ചു.
സൈബര്‍ സുരക്ഷാ രംഗത്തെ ബൈജു സുകുമാരന്‍ സൈബര്‍ ഇടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സംരംഭകയും സൈബര്‍ ക്യാമ്പസ് സ്ഥാപകയുമായ ആശാ ബിനീഷ് സംസാരിച്ചു.
ഹാക്കിങ്, സൈബര്‍ രംഗത്തെ വിദഗ്ധരായ ജിതിന്‍ ജോസഫ്, അഡ്വ. ജിന്‍സ് ടി തോമസ്, മുഹമ്മദ് ആഷിഖ്, ഐശ്വര്യ എസ്, അര്‍ണോള്‍ഡ് പ്രകാശ്, ആനന്ദ് ജയപ്രകാശ് എന്നിവര്‍ സൈബര്‍ ആക്രമണങ്ങളെ തിരിച്ചറിയുന്നതിനും സൈബര്‍ സെക്യൂരിറ്റി ബെസ്റ്റ് പ്രാക്ടീസസിനനുസരിച്ച് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ഹാക്കിങ് രംഗത്തെ പുത്തന്‍ മത്സര വേദിയായ വാഷ്‌കോണില്‍ നടന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായ 10,000 രൂപ വിപിന്‍ ദാസും, രണ്ടാം സമ്മാനം 5,000 രൂപ ഷഞ്ചലും കരസ്ഥമാക്കി.