കോഴിക്കോട്: മലയാള മനോരമ നടത്തുന്ന രാജ്യാന്തര കലാസഹാിത്യ സാംസ്‌കാരികോത്സവമായ മനോരമ ഹോര്‍ത്തൂസ് 31ന് 4 മണിക്ക് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 1,2,3 തീയതികളിലാണ് മനോരമ ഹോര്‍ത്തൂസ്. കോഴിക്കോടിനെ യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച ശേഷം നഗരത്തില്‍ നടക്കുന്ന ആദ്യത്തെ മെഗാ കലാസാഹിത്യ സാംസ്‌കാരിക സംഗമമാണിത്.
രാജ്യത്തിനകത്തും പുറത്തും നിന്ന് നാനൂറോളം അതിഥികള്‍ സംഗമത്തില്‍ പങ്കെടുക്കും. എഴുത്തുകാരനായ മരെക് ബെയ്ന്‍സ്‌ക്, ഡൊറോത്ത മസ് ലോസ്‌ക (പോളണ്ട്), കൊലേക പുടുമ (ദക്ഷിണാഫ്രിക്ക), കിം ഡോ ഉന്‍, ഹെനാകിം(കൊറിയ) സംബന്ധിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ മേയര്‍ ഡോ.ബീന ഫിലിപ് അധ്യക്ഷത വഹിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്‍.എസ്.മാധവന്‍, മരെക് ബെയ്ന്‍സ്‌ക്, സാന്റ മോണിക്ക ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഡെന്നി തോമസ് വട്ടക്കുന്നേല്‍ എന്നിവര്‍ സംസാരിക്കും. ഭാഷാ പോഷിണി സയന്‍സ് ഫിക്ഷന്‍ കഥാ മത്സരത്തിലെ വിജയികള്‍ക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
എട്ട് വേദികളിലായി 130 ലേറെ സെഷനുകളിലാണ് ഹോര്‍ത്തൂസ് നടക്കുക. വിനോദ വിജ്ഞാന പരിപാടികള്‍ ഉള്‍പ്പെടുത്തിയ കുട്ടികളുടെ പവിലിയനില്‍ പട്ടം നിര്‍മാണം, പട്ടം പറത്തല്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങയവയുണ്ടാവും. മലയാള മനോരമയുടെ 1888 മുതലുള്ള ചരിത്രം പത്രത്താളുകളിലൂടെ അവതരിപ്പിക്കുന്ന മനോരമ പവിലിയന്‍, കൊറിയന്‍ വിഭവങ്ങളുടെ കുക്ക് സ്റ്റുഡിയോ, സ്റ്റാന്‍ഡപ് കോമഡി എന്നിവയും ഹോര്‍ത്തൂസിന്റെ ഭാഗമാണ്. ഹരിഹരന്‍, എം.ജയചന്ദ്രന്‍, സ്റ്റീഫന്‍ ദേവസ്സി, ബിജിബാല്‍, സൂരജ് സന്തോഷ് തുടങ്ങിയ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംവാദ പരിപാടികളും അരങ്ങേറും.
മൂന്ന് സമ്മേളന ദിനങ്ങളിലും സംഗീത നിശകളുണ്ടാവും. ബാബുരാജ് സംഗീത നിശയാണ് ആദ്യത്തേത്. രണ്ടാം ദിവസം പ്രമുഖ എഴുത്തുകാരുടെ കഥകളില്‍ നിന്ന് രൂപം കൊണ്ട സിനിമകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ‘കഥകള്‍ പറയും പാട്ടുകള്‍’ , സമാപന ദിവസം ഹരിഹരനും സ്റ്റീഫന്‍ ദേവസ്സിയും ഒന്നിക്കുന്ന ‘ഹരിഹരം’.
44 കലാ പ്രവര്‍ത്തകര്‍ ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിലൊരുക്കുന്ന കൊച്ചി ബിനാലെ പവിലിയന്‍, മലയാള മനോരമ പവിലിയന്‍, മനോരമ ബുക്‌സിന്റെ മെഗാ പുസ്തക ശാല എന്നിവയ്ക്കു തുടക്കമായി. ബിനാലെ പവലിയന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് അധ്യക്ഷത വഹിച്ചു. പവിലിയന്‍ നവംബര്‍ 10 വരെ തുടരും.
ഒക്ടോബര്‍ 9ന് കോട്ടയം മനോരമ ആസ്ഥാനത്തു നിന്ന് ആരംഭിച്ച അക്ഷര പ്രയാണവും ദീപശിഖാ യാത്രയും 31ന് കോഴിക്കോട് ഹോര്‍ത്തൂസ് വേദിയില്‍ സമാപിക്കും. കോളേജ് കാമ്പസുകള്‍, എഴുത്തിടങ്ങള്‍, വായനശാലകള്‍ തുടങ്ങിയ 56 സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പ്രയാണം. ഓരോ കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച മലയാള അക്ഷരങ്ങള്‍ പ്രധാന വേദിയില്‍ സ്ഥാപിക്കും.
സംസ്ഥാനമെങ്ങും ഹോര്‍ത്തൂസ് വായനയിലൂടെ എഴുത്തുകാരെയും വായനക്കാരെയും കൂട്ടിയിണക്കുന്ന സംവാദ പരിപാടികളിലൂടെയായിരുന്നു ഏതാനും മാസം മുമ്പ് ഹോര്‍ത്തൂസ് സാംസ്‌കാരിക പരിപാടികളുടെ തുടക്കം. 26 മുതല്‍ ബീച്ചില്‍ ഹോര്‍ത്തൂസ് വിളംബരസന്ധ്യകള്‍ നടന്നുവരികയാണ്.
7500 ടൈറ്റിലുകളും മൂന്നു ലക്ഷത്തിലേറെ പുസ്തകങ്ങളുമുള്ള പുസ്തകശാല ഉദ്ഘാടനം ചെയ്തത് എം.മുകുന്ദനാണ്. ഹോര്‍ത്തൂസ് പ്രമാണിച്ച് 100 സ്‌പെഷ്യല്‍ എഡിഷന്‍ പുസ്തകങ്ങളാണ് മനോരമ ബുക്‌സ് പുറത്തിറക്കുന്നത്. മലയാള മനോരമയുടെ 136 വര്‍ഷത്തെ അക്ഷര പ്രയാണത്തെ പ്രതീക വല്‍ക്കരിച്ച് തുരഞ്ഞെടുത്ത 136 പുസ്തകങ്ങള്‍ക്ക് മനോരമ ബുക്‌സ് 50% ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, ഹോര്‍ത്തൂസ് ഡയറക്ടര്‍ എന്‍.എസ്.മാധവന്‍, ജോസ് പനച്ചിപ്പുറം എന്നിവര്‍ സംബന്ധിച്ചു.