പാലക്കാട്:സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമര്‍ശനത്തിന് അടിസ്ഥാനമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം. നേതാവ് എന്‍.എന്‍.കൃഷ്ണദാസ് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
. നല്ല വിമര്‍ശനങ്ങള്‍ക്ക് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്ര ശക്തമായ വിമര്‍ശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താന്‍ സാധിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയില്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് തിരിച്ചടിയുണ്ടായത്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണ് ഇതൊക്കെയെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൃഷ്ണദാസിനെ പ്രകോപിപ്പിച്ചത് മാധ്യമങ്ങള്‍ തന്നെയാണെന്നാണ് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലനും അഭിപ്രായപ്പെട്ടത്.മാധ്യമങ്ങള്‍ നിരന്തരം ഇടതുപക്ഷത്തെ കുറ്റം പറയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍, കൃഷ്ണദാസ് അങ്ങനെ മാധ്യമങ്ങളോട് പറയരുതായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ. ശ്രീമതി. ഒരാളെയും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നും പി.കെ.ശ്രീമതി അഭിപ്രായപ്പെട്ടു.
അതിനിടെ, മാധ്യമങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് എന്‍.എന്‍ കൃഷ്ണദാസ്. മാധ്യമങ്ങള്‍ ഇറച്ചിക്കഷ്ണത്തിനായി കാത്തുനില്‍ക്കുന്ന പട്ടികളെ പോലെയാണ് എന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാധ്യമങ്ങള്‍ വലതുപക്ഷമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കെ.യു.ഡബ്യു.ജെയുടെ മാപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സിപിഎമ്മില്‍ പൊട്ടിത്തെറി പൊട്ടിത്തെറി എന്ന് രാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. ഷുക്കൂറിന്റെ വീടിന് മുന്നില്‍ ഇറച്ചിക്കടയ്ക്കു മുന്നില്‍ പട്ടികള്‍ നില്‍ക്കുന്നതുപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക’- എന്നാണ് കൃഷ്ണദാസ് പറഞ്ഞത്. സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപം.