തെഹ്റാന്: ഇസ്രായേലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടി ഉറപ്പെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ എടുക്കുന്ന ഏത് നടപടിക്കും അതേ നാണയത്തില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ഏത് നടപടിക്കും തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒക്ടോബര്‍ 1ന് ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങളുണ്ടായതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തെഹ്റാന്‍ പരിസരത്ത് കേട്ട സ്ഫോടനങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയത് കാരണമെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
തെഹ്റാന്‍ കൂടാതെ, സമീപ നഗരമായ കറാജിലെ താമസക്കാര്‍ സ്ഫോടനങ്ങള്‍ കേട്ടതായി പറഞ്ഞു. ഇമാം ഖൊമേനി ഇന്റര്‍നാഷണല്‍ വിമാനത്താവളം, മെഹ്റാബാദ് എയര്‍പോര്‍ട്ട്, തെഹ്റാന്റെ തെക്ക് ഭാഗത്തുള്ള എണ്ണ ശുദ്ധീകരണശാല തുടങ്ങിയ നിര്‍ണായക സൈറ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ പോകുന്നുവെന്നും ആക്രമണം ബാധിച്ചിട്ടില്ലെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നിരുന്നാലും, തെഹ്റാനടുത്തുള്ള നിരവധി സൈനിക താവളങ്ങള്‍ ഇസ്രായേല്‍ സൈന്യം ലക്ഷ്യമിട്ടതായി ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാന്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.
ഇസ്രായേലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടി ഉറപ്പെന്ന് ഇറാന്‍