ബെങ്കളുരു: സ്വതന്ത്ര്യ ഇന്ത്യയിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളും ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) സ്ഥാപകനേതാവുമായ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും അധികരിച്ചുള്ള ദേശീയ കണ്‍വെന്‍ഷന്‍ നവംബര്‍ 3ന് അദ്ദേഹത്തിന്റെ ജന്മനഗരമായ ബെങ്കളുരുവില്‍ നടത്താന്‍ തീരുമാനിച്ചതായി ഐ.എന്‍.എല്‍,ഐ.എം.സി.സി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശിവാജിനഗറിലെ ഗുലിസ്ഥാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.
ആറ് പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന സുലൈമാന്‍ സേട്ട് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും അധഃസ്ഥിത വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് ജീവിതത്തെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയെടുത്തത്. ന്യൂനപക്ഷ, മര്‍ദിത ജനവിഭാഗങ്ങള്‍ക്കു വേണ്ടി നാല് പതിറ്റാണ്ടുകാലം പാര്‍ലമെന്റിനകത്തും പുറത്തും അദ്ദേഹം പോരാടി. മതേതര ശക്തികളുമായി കൈകോര്‍ത്തുകൊണ്ട് ജനാധിപത്യരീതിയില്‍ സമാധാനപരമായ പോരാട്ടമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ സത്ത. ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ക്കായി ഏതറ്റം വരെ സഞ്ചരിക്കാനും അദ്ദേഹം ആര്‍ജവം കാണിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്നപ്പോഴാണ് ബാബരി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നതും സ്വന്തം പാര്‍ട്ടിയോട് വിട പറഞ്ഞ് 1994ഏപ്രില്‍ 23ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും. 11 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്‍ കേരളത്തില്‍ ഇടതു ജനാധിപത്യ മുന്നണിയുടെ ഘടക കക്ഷിയാണ്.
നവംബര്‍ 3ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ അടക്കമുള്ള പാര്‍ട്ടി ദേശീയ, സംസ്ഥാന നേതാക്കള്‍ക്ക് പുറമെ, കര്‍ണാടക അസംബ്ലി സ്പീക്കര്‍ യു.ഡി ഖാദര്‍, ഹൗസിങ്ങ്, വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി. ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ,മുന്‍ കേന്ദ്രമന്ത്രി ആര്‍.റഹ്‌മാന്‍ ഖാന്‍, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹീം, ഗുല്‍ബര്‍ഗ എം.എല്‍.എ കനീസ് ഫാത്വിമ, മുന്‍ മന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ അഹ്‌മദ് ദേവര്‍കോവില്‍ എംഎല്‍.എ, ‘സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് സേട്ട്, എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.
നവംബര്‍ 3ന് രാവിലെ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യും.
പോഷക ഘടകങ്ങളുടെ ശാക്തീകരണത്തിനായി പദ്ധതി ആവിഷ്‌കരിക്കും. വനിതാ വിഭാഗം കൗണ്‍സില്‍ ചേര്‍ന്ന് ദേശീയ കമ്മിറ്റി വിപുലീകരിക്കും. കേരളത്തില്‍നിന്ന് 600ലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് അംഗം ശോഭ അബൂബക്കര്‍, സ്വാഗത സംഘം ചെയര്‍മാന്‍ എ.എം ഷാജഹാന്‍ സേട്ട്, തസ്‌നീം ഇബ്രാഹീം, ടി.ടി സാലിഹ്, നസീര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.