തൃശൂര്‍: വളരെ ആസൂത്രിതവും രഹസ്യവുമായ നീക്കത്തിലൂടെ നഗരത്തിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ്.
കണക്കില്‍പ്പെടാത്ത നൂറ് കിലോയിലധികം സ്വര്‍ണമാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് ജിഎസ്ടി വിഭാഗം നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമാണ് തൃശൂരില്‍ എത്തിച്ചത്. ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഡപ്യൂട്ടി കമ്മിഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ മാസങ്ങളായി തൃശൂര്‍ ജില്ലയിലെത്തി രഹസ്യമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരാണു പരിശോധിക്കേണ്ട സ്ഥാപനങ്ങളെ കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു നടപടികള്‍.
ഇന്നലെ റെയ്ഡ് നടക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഉല്ലാസയാത്ര, അയല്‍ക്കൂട്ട സംഘങ്ങളെന്ന തരത്തിലുള്ള ബാനറായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്കു നല്‍കിയിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെയാണ് റെയ്ഡിന് ഒരുക്കം നടത്തിയത്.
റെയ്ഡ് നടത്തിയ ഓരോ സ്ഥലത്തും ആ കേന്ദ്രത്തിന്റെ പ്രത്യേകത അനുസരിച്ചു കുറഞ്ഞത് പത്തു ഉദ്യോഗസ്ഥരെയെങ്കിലും നിയോഗിച്ചിരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇപ്പോള്‍ വരെയും ഈ 640 ഉദ്യോഗസ്ഥര്‍ ഉറങ്ങിയിട്ടില്ല. ഇന്നലെ രാവിലെ ഒന്‍പതു മണിക്കു തുടങ്ങിയ പ്രോസസ് ആണ്. ഇന്നു വൈകിട്ടോടെയേ നടപടികള്‍ അവസാനിക്കൂ. പിടിച്ചെടുത്ത സ്വര്‍ണം ട്രഷറിയിലേക്കു മാറ്റും.
കളി നമ്മളോടാ….
സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും
ജിഎസ്ടി ഉദ്യാഗസ്ഥരുടെ ആസൂത്രിത റെയ്ഡ്