കല്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന നേതാക്കള്ക്കൊപ്പമെത്തിയാണു പത്രിക സമര്‍പ്പിച്ചത്. പ്രചരണം വളരെ നന്നായി മുന്നോട്ടുപോകുന്നുണ്ട്.പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞതായുംഅവര് മാധ്യമങ്ങളോടു പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ റാലിയില്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. എന്നാല്‍ അത് എത്രത്തോളം വോട്ടാകുമെന്നറിയില്ല. മറ്റു ജില്ലകളില്‍നിന്നു കൊണ്ടുവരുന്ന ആളുകള്‍ക്ക് വയനാട്ടില്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ല. കോണ്‍ഗ്രസിനു വലിയ തിരിച്ചടിയുണ്ടാകും. പാര്‍ലമെന്റില്‍ ഒപ്പിടാനുള്ള പേന സമ്മാനമായി ലഭിച്ചുവെന്നും നവ്യ ഹരിദാസ് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അടിക്കടി നിലംപതിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോള്‍, മുമ്പ് എംപിയായിരുന്ന അവരുടെ സഹോദരന് രാഹുല്‍ ഗാന്ധി ഈ മണ്ഡലത്തിനു വേണ്ടി എന്തു ചെയ്തുവെന്ന ചോദ്യമാണ് ഉയരുന്നത്. ജനങ്ങളുടെ ആവശ്യം വികസനമാണ്. ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകണമെന്നും കുമ്മനം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി.സദാനന്ദന് എന്നിവരും നവ്യ ഹരിദാസിനൊപ്പമുണ്ടായിരുന്നു.