കസാന്‍: ഭീകരവാദത്തെ ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ചെറുക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല. ഭീകരതയ്ക്കെതിരായ യു.എന്‍ ഉടമ്പടി അംഗീകരിക്കണമെന്നും മോദി റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.
ഭീകരവാദത്തെ ചെറുക്കുന്നതിന് നമ്മുടെ രാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ സമൂലപരിഷ്കാരവാദം തടയാന്‍ സജീവമായ നടപടികള്‍ ഉള്‍ക്കൊള്ളണമെന്നും മോദി വ്യക്തമാക്കി. ബ്രിക്സിന്റെ 16-ാം ഉച്ചകോടി റഷ്യന്‍ നഗരമായ കസാനില്‍ തുടക്കം കുറിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് ആതിഥ്യമേകുന്ന ഉച്ചകോടിയില്‍ ബ്രിക്സ് രാഷ്ട്രനേതാക്കളെ കൂടാതെ 36 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. തുര്‍ക്കിയുടെ പ്രസിഡന്റ് രജബ് തയ്യിപ് ഉര്ദുഗാന്, ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് തുടങ്ങിയ ഇരുപതോളം രാഷ്ട്രനേതാക്കള്‍ ഇതിലുള്‍പ്പെടും.
2009-ലാണ് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ‘ബ്രിക്’ കൂട്ടായ്മ തുടങ്ങിയത്. 2010-ല്‍ ദക്ഷിണാഫ്രിക്ക ചേര്‍ന്നതോടെ പേര് ‘ബ്രിക്സ്’ എന്നായി. വിപുലീകരണത്തിന്റെ ഭാഗമായി ഈ ജനുവരിയില്‍ ഇറാന്, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ., സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍കൂടി അംഗമായി.