ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ നല്‍കാതെ സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു.
ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന് കേസില്‍ എന്തു കാര്യമെന്ന് കോടതി ചോദിച്ചിരുന്നു.
തുടര്‍ന്ന് ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. മൊഴി നല്‍കാന്‍ അതിജീവിതമാര്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.