തിരുവനന്തപുരം: സാമൂഹ്യ പ്രാധാന്യമുള്ള പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രോജക്ടുകള്‍ വഴിയും അക്കാദമിക-വ്യവസായിക സഹകരണം വഴിയും വിദ്യാര്‍ത്ഥികളെ മികച്ച ഉദ്യോഗാര്‍ത്ഥികളാക്കുക, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്‌ക്) എ പി ജെ അബ്ദുള്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയും ചേര്‍ന്ന് ധാരണപത്രം ഒപ്പുവെച്ചു.
2024 ല്‍ നിലവില്‍ വന്ന പരിഷ്‌ക്കരിച്ച ബി ടെക് പാഠ്യപദ്ധതിയില്‍ വ്യവസായവുമായി ബന്ധപ്പെട്ട ഇലക്റ്റീവുകള്‍, മിനി പ്രോജക്ടുകള്‍, കോര്‍ പ്രോജക്ടുകള്‍, ദീര്‍ഘകാല ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയെ സമന്വയിപ്പിക്കുന്ന സമഗ്രമായ വിദ്യാഭ്യാസ പ്രക്രിയ പ്രാവര്‍ത്തികമാക്കുവാനായി സര്‍വകലാശാലയും കെ- ഡിസ്‌ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഈ ധാരണാപത്രം വഴിയൊരുക്കും.
സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും വിപണി സാധ്യതകള്‍ക്കും അനുസൃതമായി വ്യവസായ-പ്രസക്തമായ കോഴ്‌സുകളില്‍ പരിശീലനം നല്‍കുക, അക്കാദമിക സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള സഹകരണം വളര്‍ത്തിയെടുക്കുക, പ്രായോഗിക അനുഭവജ്ഞാനത്തിലൂടെ തൊഴിലവസരം വര്‍ധിപ്പിക്കുക, സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകളിലൂടെ യഥാര്‍ത്ഥ ലോക പ്രശ്‌നപരിഹാര കഴിവുകള്‍ വികസിപ്പിക്കുക എന്നിവയാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമാക്കുന്നത്.
എന്‍ജിനീയറിംഗ് വിദ്യാഭ്യാസവും യഥാര്‍ത്ഥ ജീവിത പ്രശ്‌നപരിഹാരവും തമ്മിലുള്ള വിടവ് നികത്താനും വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലകളുടെ ആവശ്യാനുസരണം തയ്യാറാടുക്കാനും സഹായിക്കാന്‍ ഈ ധാരണാപത്രത്തിലൂടെ സാധിക്കുമെന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
സാങ്കേതികവിദ്യയുടെ സാമൂഹിക നവീകരണത്തിനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് കെ-ഡിസ്‌ക് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അക്കാദമിക പഠനമേഖലയെ നൂതന സാങ്കേതിക പുരോഗതികളുമായ് സംയോജിപ്പിക്കുന്നതിനും ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര സാധ്യതകള്‍ കണ്ടെത്താനും പ്രായോഗിക പരിചയസമ്പത്തിനും ഇതുവഴി അവസരം ലഭിക്കും.
കേരളത്തിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിപണി പ്രവണതകളെ കേന്ദ്രീകരിച്ചുള്ള വ്യവസായ വിദഗ്ധര്‍ രൂപകല്പന ചെയ്ത മൈനര്‍ കോഴ്‌സുകള്‍, ഇലക്ടീവുകള്‍ എന്നിവ തിരഞ്ഞെടുക്കാനും വ്യവസായങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ സാധിക്കും.
വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട പഠന വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലനം കെ-ഡിസ്‌ക് വഴി നല്‍കാനും ധാരണയായി.
സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളും വ്യവസായങ്ങളും തമ്മിലുള്ള പങ്കാളിത്തം സമന്വയിപ്പിക്കുക, പ്രോജക്ടുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അധ്യാപക പരിശീലന പ്രോഗ്രാമുകള്‍, എന്നിവ ഉറപ്പുവരുത്തുക ഈ സംരംഭത്തിലൂടെ സാധിക്കും.
സാങ്കേതിക സര്‍വകലാശാല, രജിസ്ട്രാര്‍ ഡോ. എ പ്രവീണ്‍, ഡീന്‍ അക്കാദമിക് ഡോ. വിനു തോമസ്, ഡയറക്ടര്‍ ഡോ. എം ലിബീഷ്, കെ ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുദീപ് നായര്‍, കണ്‍സള്‍റ്റന്റ് വിമല്‍ രവി, വൃന്ദ വി നായര്‍, പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് പി എസ് സാന്ത്വന എന്നിവര്‍ പങ്കെടുത്തു.