കേരളത്തിലെ ആദ്യത്തെ കേരള സയന്‍സ് സ്ലാമിലേക്കുള്ള അവതരണങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് പ്രേക്ഷകരജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയന്‍സ് പോര്‍ട്ടലുമാണ് സര്‍വ്വകലാശാലകളുടെയും അക്കാദമികസ്ഥാപനങ്ങളുടെയും ശാസ്ത്ര
വിദ്യാഭ്യാസസംരംഭമായ ക്യൂരിഫൈ യുടെയും സഹകരണത്തോടെ ‘കേരള സയന്‍സ് സ്ലാം 2024’ സംഘടിപ്പിക്കുന്നത്. പ്രേക്ഷകരായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.
പുതിയ സയന്‍സ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ലളിതവും ആകര്‍ഷകവുമായി സയന്‍സ് പറയാനുള്ള കഴിവ് ഗവേഷകരില്‍ വളര്‍ത്താനുമായി വികസിതരാജ്യങ്ങളില്‍ സംഘടിപ്പിക്കാറുള്ള സയന്‍സ് സ്ലാം ആദ്യമായാണു കേരളത്തില്‍ നടക്കുന്നത്.
ഗവേഷകര്‍ സ്വന്തം ഗവേഷണവിഷയം പത്തുമിനുട്ടില്‍ ഫലപ്രദമായി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകരും അതതു വിഷയത്തിലെ വിദഗ്ദ്ധരായ ജഡ്ജസുമാണ് വിധികര്‍ത്താക്കളാകുന്നത്. ഓരോ കേന്ദ്രത്തിലും 25 വീതം 100 അവതരണങ്ങളാണു നടക്കുക. തുടക്കം മുതല്‍ അവസാനംവരെ പങ്കെടുത്ത് അവ മുഴുവന്‍ കേട്ട് അവതരണമികവ് വിലയിരുത്താന്‍ കഴിവും സന്നദ്ധതയും താത്പര്യവും ഉള്ളവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
നാലു മേഖലകളായി നടത്തുന്ന ആദ്യഘട്ടം സ്ലാമുകള്‍ നവംബര്‍ 9-ന് കൊച്ചി, 23-നു കോഴിക്കോട്, 30-ന് കണ്ണൂര്‍ സര്‍വ്വകലാശാലാ ആസ്ഥാനങ്ങളിലും 16-നു തിരുവനന്തപുരം ഗവ. വിമന്‍സ് കോളെജിലും നടക്കും. സമാപന സ്ലാം ഡിസംബര്‍ 14 ന് പാലക്കാട് ഐഐറ്റിയിലാണ്. ഇവയില്‍ സൗകര്യപ്രദമായ സ്ലാം തെരഞ്ഞെടുത്ത് https://scienceslam.in/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
വിജയികള്‍ക്ക് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളും വിഷയാവതാരകര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.