പ്രധാനമന്ത്രിയുടെ സ്വകാര്യ വസതി ആക്രമിക്കപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേല്‍
തെല്‍അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിയിലെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. സീസറിയയിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പതിച്ചെന്ന് ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സംഭവസമയത്ത് നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഓഫിസ് അവകാശപ്പെട്ടു.
ഇന്നു രാവിലെയാണ് ഇസ്രായേല്‍ തീരനഗരമായ സീസറിയയില്‍ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനാനില്‍നിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകള്‍ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. ഈ സമയത്ത് നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കെട്ടിടത്തിനു മുകളില്‍ ഡ്രോണ്‍ പതിച്ചെന്നു നേരത്തെ ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ വസതി തന്നെയാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുന്നത്.
ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലൂടെ ഡ്രോണുകള്‍ പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെ ഇസ്രായേല്‍ ഹെലികോപ്ടറുകള്‍ പിന്തുടര്‍ന്നെങ്കിലും തകര്‍ക്കാനായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം അതീവ സുരക്ഷാവീഴ്ചയായാണ് ഇസ്രായേല്‍ സൈന്യം കണക്കാക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ലബനാനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി തുടക്കത്തില്‍ തന്നെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒന്ന് ഒരു കെട്ടിടത്തില്‍ പതിച്ചതായും ബാക്കി രണ്ടെണ്ണം തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടിരുന്നു.
സീസറിയയില്‍ ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി ഇസ്രായേല്‍ പൊലീസും അറിയിച്ചു. സ്ഫോടനത്തിനു പിന്നാലെ സ്ഥലത്ത് പൊലീസ് സംഘം കുതിച്ചെത്തി. പൊലീസ് നെതന്യാഹുവിന്റെ വസതിയില്‍ പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. സീസറിയയില്‍ നെതന്യാഹുവിന്റെ വസതിയുടെ പരിസരത്ത് നിരവധി ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.