കോഴിക്കോട്: നിര്‍മ്മാണ മേഖലയില്‍ സാധന സാമഗ്രികള്‍ മിത വിലയ്ക്ക് ലഭ്യമാക്കുന്ന ആദ്യ സഹകരണ മെറ്റീരിയല്‍ ബാങ്ക് 17ന് (വ്യാഴാഴ്ച) 4 മണിക്ക് പേരാമ്പ്ര വെള്ളിയൂരില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍.എം.പി.മുഖ്യാതിഥിയായിരിക്കും. സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, ജനപ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളുടെ അപക്‌സ് സ്ഥാപനമായ കേരള സ്റ്റേറ്റ് ലേബര്‍ കോ-ഓപ്പറേറ്റീവ്‌സ് ഫെഡറേഷന്റെ (ലേബര്‍ഫെഡ്) കീഴിലാണ് നാലു മേഖലാ കേന്ദ്രങ്ങളില്‍ മെറ്റീരിയല്‍ ബാങ്ക് തുടങ്ങുന്നത്. പ്രാഥമിക തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന പ്രാദേശിക തലത്തിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. ഗുണമേന്‍മയുള്ള നിര്‍മ്മാണ സാമഗ്രികള്‍ ന്യായവിലക്ക് പൊതുജനങ്ങള്‍ക്കും അംഗസംഘങ്ങള്‍ക്കും ചെറുകിട കരാറുകാര്‍ക്കും എത്തിച്ചുകൊടുക്കുക എന്നതാണ് ഉദ്ദേശ്യം. സംസ്ഥാന സര്‍ക്കാരിന്റെ നാലാമത് 100 ദിന കര്‍മപരിപാടിയുടെ ഭാഗമാണ് ഈ സംരംഭം.
സിമെന്റ്, കമ്പി, പെയിന്റ്, ക്രഷര്‍ ഉല്‍പ്പന്നങ്ങളായ മെറ്റല്‍, എം.സാന്‍ഡ്, പി.സാന്‍ഡ്, ഹോളോബ്രിക്‌സ്, സിമെന്റ് കട്ടകള്‍, ഇന്റര്‍ലോക്ക് സാമഗ്രികള്‍, സാനിറ്ററി ഫിറ്റിംഗ്‌സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ റീജിയണല്‍ ഡിപ്പോകള്‍ വഴി വിതരണം ചെയ്യുക. തുടര്‍ന്ന് എല്ലാ നിര്‍മ്മാണ സാമഗ്രികളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനും ഫെഡറേഷന്‍ ലക്ഷ്യമിടുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എ.സി.മാത്യു, മാനേജിംഗ് ഡയറക്ടര്‍ എ.ബിന്ദു, ഡയറക്ടര്‍മാരായ യു.വേണുഗോപാല്‍, പി.പി.സജീവന്‍, ചന്ദ്ര ബാബു.സി, എം.കെ.രാജന്‍, കെ.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു.