കോഴിക്കോട്: നവോത്ഥാന ചിന്തകനും സാമൂഹിക-വിദ്യാഭ്യാസ പരിഷ്‌ക്കര്‍ത്താവും അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനുമായ സര്‍സയ്യിദ് അഹമ്മദ്ഖാന്റെ സ്മരണാര്‍ത്ഥം സര്‍ സയ്യിദ് ഫൗണ്ടേഷന്‍ നല്‍കിവരുന്ന അവാര്‍ഡിന് പ്രമുഖ ഹൃദ്രോഗ വിദഗ്ധനും കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി പ്രസിഡണ്ടുമായ ഡോ. കെ.കുഞ്ഞാലി തെരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും ശില്‍പവുമാണ് പുരസ്‌കാരം.
സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ 207-ാം ജന്മ ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 17ന് (വ്യാഴാഴ്ച) 3 മണിക്ക് ഹോട്ടല്‍ അളകാപുരിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ എം.പി.അബ്ദുസ്സമദ് സമദാനി എം.പി.അവാര്‍ഡ് സമ്മാനിക്കും. സര്‍ സയ്യിദ് ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി പ്രൊഫ.മുഹമ്മദ് ഹസന്‍ അധ്യക്ഷത വഹിക്കും. നവാസ് പൂനൂര്‍ മുഖ്യ പ്രഭാണം നടത്തും.
ആരോഗ്യ രംഗത്തും സാമൂഹ്യ സേവന മേഖലയിലും അര നൂറ്റാണ്ടു കാലത്തെ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാണ് ഡോ.കുഞ്ഞാലിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഹൃദയ ചികിത്സാ രംഗത്ത് ഡോ.കുഞ്ഞാലി നടപ്പാക്കിയ നൂതന രീതി നിരവധി ഹൃദ്രോഗികള്‍ക്ക് ആശ്വാസമേകുന്നു. ആരോഗ്യ സേവന രംഗത്തെ സേവനം പരിഗണിച്ച് ദേശീയവും അന്തര്‍ ദേശീയവുമായ നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ഡോ.കുഞ്ഞാലി നേടിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സര്‍ സയ്യിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വര്‍ഗ്ഗീസ് മാത്യു, ആറ്റക്കോയ പള്ളിക്കണ്ടി, തേജസ് പെരുമണ്ണ, പി.കെ.ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.