എഡിറ്റോറിയല്‍
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജമ്മു-കശ്മീരിലും, ഹരിയാനയിലും നിന്നും വന്ന ജനവിധികള്‍ക്ക് വളരെയേറെ പ്രത്യേകതകള്‍ ഉണ്ട്. ജമ്മു-കശ്മീരില്‍ നിന്നുണ്ടായ ജനവിധിയാണിതില്‍ ഏറെ ശ്രദ്ധേയം. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു-കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മോദി സര്‍ക്കാര്‍ അവിടെ നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നത് സുവ്യക്തമാക്കുന്നതാണ് ജനവിധി. ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണമെന്നും, അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി വിധിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തയ്യാറായതിനാലാണ് ഇത്തരമൊരു ജനവിധിയുണ്ടായത.് സംസ്ഥാന പദവി തിരികെ നേടിയെടുക്കുക എന്നതും, 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അമിതാധികാരം നല്‍കിയ ജമ്മു-കശ്മീര്‍ പുന:സംഘടനാ നിയമത്തിന്റെ വെല്ലുവിളിയും കശ്മീരിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാരിന് മുമ്പില്‍ വെല്ലുവിളികളുയര്‍ത്തുമെന്നതില്‍ സംശയമില്ല. ഡല്‍ഹി മോഡലില്‍ കശ്മീരിലെയും പോലീസ് സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ജനഹിതമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് കൂച്ചുവിലങ്ങിടാന്‍ ഇത്തരം സംവിധാനങ്ങള്‍ വഴിയൊരുക്കാതിരിക്കട്ടെ എന്ന് ജനാധിപത്യ വിശ്വാസികള്‍ക്ക് ആശിക്കാം.
ഹരിയാന മൂന്നാം തവണയും ബിജെപി കൈപിടിയിലൊതുക്കി. കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന ബിജെപി സര്‍ക്കാരിന് ഈ തിരഞ്ഞെടുപ്പില്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനും, അധികാരമുറപ്പിക്കാനും സാധിച്ചു. ഹരിയാനയില്‍ തുടര്‍ഭരണം ലഭിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം കൈകൊണ്ട നടപടികളാണ് അവിടെ നേട്ടത്തിനാധാരം. സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ഭരണ വിരുദ്ധ വികാരം തിരിച്ചറിഞ്ഞ് സംസ്ഥാന മുഖ്യമന്ത്രിയെ ഒരു വര്‍ഷം മുന്‍പ് മാറ്റുകയും നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയും ചെയ്തു. നയാബ് സിങ് സൈനി വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടുകയും ചെയ്തു.
ഇവിടെ ഉണ്ടായ തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തട്ടെ. ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടെങ്കിലും ജനങ്ങളുടെ കോടതിയില്‍ നിന്ന് പൊന്‍കിരീടവുമായാണ് വിനേഷ് ഫോഗട്ട് വിജയക്കൊടി പാറിച്ചത്. കോണ്‍ഗ്രസ്സിന്റെ വിജയത്തിന് പ്രതികൂലമായ പല ഘടകങ്ങളില്‍ ഒന്ന് പ്രാദേശിക പാര്‍ട്ടികള്‍ വോട്ടുകള്‍ വിഭജിച്ചതാണ്. മറ്റൊന്ന് ജാട്ട് വിഭാഗത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ദളിത് മേഖലയെ അവഗണിച്ചതുമാണ്.
ഹരിയാനയില്‍ 14 മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നെന്ന പരാതി കോണ്‍ഗ്രസ് ജന.സെക്രട്ടറി ജയറാം രമേശ് ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരിശോധിച്ച് ഉത്തരം നല്‍കേണ്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം മോദി ഫാക്ടറാണ് ഹരിയാനയില്‍ ബിജെപിയെ ജയിപ്പിച്ചതെങ്കില്‍ ഇക്കുറി അതുണ്ടായില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. രാജ്യത്തെ രണ്ട് പ്രധാന ഭാഗങ്ങളില്‍ നടന്ന ഈ തിരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യത്തിന്റെ മികവ് ഒന്നുകൂടി പ്രകാശ ഭരിതമാക്കുകയാണ്. ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ജമ്മു-കശ്മീരിലെയും ഹരിയാനയിലെയും സര്‍ക്കാരുകള്‍ക്ക് സാധിക്കട്ടെ.
ജമ്മു-കശ്മീര്‍, ഹരിയാന ജനവിധികള്‍ക്ക് സൂര്യ ശോഭ
Related