ദുബൈ അന്താരാഷ്ട്ര സമ്മേളനം : ഡോ.ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും

ദുബൈ അന്താരാഷ്ട്ര സമ്മേളനം : ഡോ.ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ പത്ത് മുതല്‍ നടക്കുന്ന പത്താമത് അന്താരാഷ്ട്ര അറബിഭാഷാ സമ്മേളനത്തില്‍ പ്രമുഖ അറബി ഭാഷാ പണ്ഡിതനും കൊല്ലം ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അറബിക് പി. ജി അക്കാദമിക് കമ്മിറ്റി ചെയര്‍മാനുമായ ഡോ.ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും.
ഇന്ത്യയില്‍ അറബിഭാഷാ പ്രചാരണരംഗത്ത് അദ്ദേഹം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്. സമ്മേളനത്തില്‍ ആധുനിക ലോകത്ത് അറബി ഭാഷയുടെ നൂതന സാദ്ധ്യതകളെക്കുറിച്ച് അറുപതോളം പ്രബന്ധങ്ങള്‍ വിവിധ വേദികളില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കും. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലേറെ ഭാഷാപണ്ഡിതന്മാര്‍ പങ്കെടുക്കും.
സാഹിത്യം, കല, ചരിത്രം, സംസ്‌കാരം, ശാസ്ത്രം എന്നിവക്ക് പുറമെ തൊഴില്‍ മേഖലയിലും ഗവേഷണ രംഗത്തും അറബി ഭാഷക്ക് അന്ത സാധ്യതയാണുളളത്.
എന്നാല്‍ ഈ സാദ്ധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ വേണ്ടത്ര അവബോധം സൃഷ്ടിക്കാന്‍ സാദ്ധ്യമായിട്ടില്ല.
പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് അറബി ഭാഷാപഠനം ഇനിയും പരിഷ്‌കരിക്കേണ്ടതുണ്ട്. അതിന്നായി നിര്‍മ്മിത ബുദ്ധിയുള്‍പ്പെടെയുള്ള ആധുനിക മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സമ്മേളത്തിലുണ്ടാവും.

ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളെജ് പ്രിന്‍സിപ്പാള്‍ ആയി വിരമിച്ച ഹുസൈന്‍ മടവൂര്‍ കാലികറ്റ് യൂണിവേഴ്‌സിറ്റി, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, ചെന്നൈ ബി.എസ്.എ യൂണിവേഴ്‌സിറ്റി തുടങ്ങിയവയില്‍ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കേന്ദ്ര സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ യു.ജി.സിയുടെ റിസോഴ്‌സ് പേഴ്‌സനായും ഗസ്റ്റ് ലക്ചറര്‍ ആയും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഭാഷാ വികസന സമതിയില്‍ അറബി ഭാഷാ വിദഗ്ധ കമ്മിറ്റിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സംസ്ഥാനതല കോ ഓഡിനേറ്ററും കേരള സംസ്ഥാന സാക്ഷരതാ സമിതിയില്‍ അംഗവുമായിരുന്നു.
ഡല്‍ഹി ആസ്ഥാനമായി ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എഛ് ആര്‍ ഡി എഫ് )ചെയര്‍മാനും മലബാര്‍ എജ്യുസിറ്റി പ്രസിഡന്റും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹിയും ഉപദേശകസമിതി അംഗവുമാണ്.

 

 

 

ദുബൈ അന്താരാഷ്ട്ര സമ്മേളനം :
ഡോ.ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *