ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക് വിജയം.90 സീറ്റില്‍ 50 ഇടത്തും ബിജെപി ലീഡിേ ചെയ്യുന്നു. 34 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നില്‍.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണ് ബിജെപി മിന്നും വിജയം നേടിയത്. കഴിഞ്ഞ തവണ 40 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റിനുമപ്പുറം 48 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ വൈകിട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
കോണ്‍ഗ്രസാകട്ടെ അനുകൂല സാഹചര്യം ഏറെയുണ്ടായിട്ടും അതൊന്നും വോട്ടാക്കി മാറ്റാന്‍ കഴിയാതെ വീണ്ടും പ്രതിപക്ഷത്ത് തന്നെ.സര്‍ക്കാരിനെതിരെ വന്‍ ജനരോഷമുണ്ടെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍ പിഴച്ചു.
ജാട്ട് കോട്ടകള്‍ ഒഴിച്ചുള്ള മേഖലയില്‍ ബിജെപിക്ക് പിന്നാക്ക വോട്ടുകള്‍ ഏകീകരിക്കാനായി, ഒറ്റയ്ക്ക് നിന്ന് വിജയിക്കാമെന്ന അമിത ആത്മവിശ്വാസവും കോണ്‍ഗ്രസിന് വിനയായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ട് മികച്ച നേട്ടം കൈവരിച്ച കോണ്‍ഗ്രസ് ഇത്തവണ അവരെ ഒപ്പം കൂട്ടിയില്ല. ഒപ്പം ഐഎന്‍എല്‍ഡി-ബിഎസ്പി സഖ്യം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്ന ജാട്ട്-ദളിത് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു.