കോഴിക്കോട്: 1964ല്‍ സ്ഥാപിതമായ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് നാഷണല്‍ അസസ്സ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സമിതിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി പ്രിന്‍സിപ്പാള്‍ പ്രൊഫ.പ്രിയ.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10,11 തിയതികളിലാണ് നാക് പിയര്‍ ടീം കോളേജ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ എന്‍ഐആര്‍എഫ് റാങ്കില്‍ ആദ്യത്തെ 150 കോളേജുകളുടെ ഗണത്തില്‍ ഇടം നോടാന്‍ കോളേജിന് ആയിട്ടുണ്ട്. നഗര മധ്യത്തില്‍ 20.15 ഏക്കര്‍ സ്ഥലത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെയും ഇതര സംഘടനകളുടെയും സഹായം ലഭിച്ചതിനാല്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈബ്രറി, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഓഡിറ്റോറിയം നവീകരണ പ്രവര്‍ത്തനം ഇന്റേണല്‍ റോഡ്, ലിഫ്റ്റുകള്‍, ലേഡീസ് ഹോസ്റ്റല്‍ നവീകരണം, ഓഫീസ് നവീകരണം, പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മ്മാണം, പെയിന്റിംഗ് ഇവയില്‍ ചിലതാണ്. ദേശീയ നിലവാരമുള്ള സ്റ്റേഡിയം സംബന്ധിച്ച് സായ് അധികൃതരുമായി ചര്‍ച്ച അവസാന ഘട്ടത്തിലാണ്. സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും സൗജന്യ വൈഫൈ ഉള്ള ക്യാമ്പസാണിത്. ഈ വര്‍ഷം എഫ് വൈ യു ജി പി അഡ്മിഷനും പി ജി അഡ്മിഷനും വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോളേജ് പൂര്‍ണ്ണമായും ഗ്രീന്‍ ക്യാമ്പസാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളും പഠിക്കുന്ന ഈ സ്ഥാപനത്തിന് നാക് അക്രഡിറ്റേഷന്‍ ലഭിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. അത് ലഭിക്കാനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ചിട്ടയോടെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഐക്യുഎസി കണ്‍വീനര്‍ ഡോ.ഷൈനി, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഗിരീഷ് ബാബു.എം, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ദിനേഷ്.പി.കെ.,മീഡിയാ കമ്മറ്റിയംഗം ഡോ.സിജു.കെ.ഡി, ഹരിദാസന്‍ പാലായില്‍ എന്നിവര്‍ പങ്കെടുത്തു.