ആഗോള ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് ഡിസംബര്‍ 20മുതല്‍ 29വരെ വയനാട്ടില്‍

ആഗോള ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് ഡിസംബര്‍ 20മുതല്‍ 29വരെ വയനാട്ടില്‍

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗ സംരക്ഷണം സാധ്യമാക്കുക, കന്നുകാലി-ക്ഷീര കാര്‍ഷിക മേഖലയില്‍ യുവാക്കളെ ആകര്‍ഷിക്കുക എന്നീ ലക്ഷ്യത്തോടെ വയനാട് കേരള വെറ്റിനറി സര്‍വകലാശാലയില്‍ ആഗോള ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡിസംബര്‍ 20മുതല്‍ 29വരെ നടക്കുന്ന കോണ്‍ക്ലേവിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോണ്‍ക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും ആഗോള ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് സഹായകമാകും. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളെ കുറിച്ചും വളര്‍ത്തു മൃഗങ്ങള്‍, പോള്‍ട്രി, ഡയറി- അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകള്‍, മാറിവരുന്ന സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു മികച്ച വേദിയാകും കോണ്‍ക്ലെവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തകര്‍ന്നുപോയ വയനാട്ടിലെ വിനോദ സഞ്ചാര മേഖലയെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനായി ടൂറിസം മേഖലയിലെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് കോണ്‍ക്ലേവ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അനില്‍ കെ എസ് അഭിപ്രായപ്പെട്ടു. കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ പ്രൊഫ. ഡോ. ടി എസ് രാജീവ് പദ്ധതി വിശദീകരിച്ചു. മികച്ച തൊഴില്‍ സാധ്യതയുള്ള ക്ഷീര- കന്നുകാലി, മൃഗ പരിപാലന മേഖലയില്‍ ഏകദേശം 25000ത്തില്‍പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ക്ലേവ് സഹായകമാകുമെന്ന് പ്രൊഫ. ഡോ. ടി എസ് രാജീവ് പറഞ്ഞു. ചടങ്ങില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. ജസ്റ്റിന്‍ ഡേവിസ് നന്ദി പറഞ്ഞു.

ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തമാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വിവിധ കാര്‍ഷിക സംഘടനകളും വെറ്ററിനറി ഡോക്ടര്‍മാരും അതില്‍ ഉള്‍പ്പെടും.ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക, ക്ഷീര- കന്നുകാലി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍, പാലുല്‍പനങ്ങള്‍, മുട്ട, മാംസം എന്നിവയുടെ മൂല്യവര്‍ധനവ് ഉറപ്പുവരുത്തുക, ജന്തുജന്യ രോഗങ്ങളില്‍നിന്നും മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ബോധവത്കരണം നല്‍കുക എന്നതാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പോള്‍ട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്‌സ്‌പോകളും കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവയും കോണ്‍ക്ലേവില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍; 9895088388, 94460 52800.

 

 

 

ആഗോള ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ്
ഡിസംബര്‍ 20മുതല്‍ 29വരെ വയനാട്ടില്‍

Share

Leave a Reply

Your email address will not be published. Required fields are marked *