തിരുവനന്തപുരം: അനാരോഗ്യം കാരണം നിയമസഭയില്‍ ആര്‍എസ്എസ്- എഡിജിപി ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നു. മുഖ്യമന്ത്രിക്ക് തൊണ്ട വേദനയും പനിയുമാണെന്നും ഡോക്ടര്‍മാര്‍ വോയ്‌സ് റസ്റ്റ് നിര്‍ദേശിച്ചുവെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു. സമ്മേളനം ആരംഭിച്ചപ്പോള്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് 2 മണിക്കൂര്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. എന്നാല്‍ 12 മണിക്ക് ചര്‍ച്ച ആരംഭിച്ചപ്പോഴാണ് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചക്കിടെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ക്ഷോഭിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറും പ്രതിപക്ഷ എംഎല്‍എ എന്‍ ഷംസുദ്ദീനും തമ്മില്‍ ഇതുസംബന്ധിച്ച് വാഗ്വാദവും നടന്നു. രാവിലെ നിയമസഭയില്‍ സംസാരിച്ച മുഖ്യമന്ത്രിക്ക് പെട്ടെന്ന് അനാരോഗ്യം വന്നത് യാദൃശ്ഛികമായിരിക്കാമെന്നായിരുന്നു പ്രതിപക്ഷ എം.എല്‍.എയുടെ ആരോപണം.എന്നാല്‍ ആര്‍ക്കും അസുഖം വരാമെന്നും ഇത്തരം സംസാരം വേണ്ടെന്നും സ്പീക്കര്‍ രൂക്ഷമായി പ്രതികരിച്ചു. ആരോഗ്യ പ്രശ്‌നം സഭയില്‍ ഉന്നയിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.
ഷംസുദ്ദീന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ടു. മുഖ്യമന്ത്രിയെ കളിയാക്കിയത് അല്ലെന്നും അസുഖം ആര്‍ക്കും വരാമെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടികാണിക്കുകയായിരുന്നുവെന്നും ഷംസുദ്ദീന്‍ പ്രതികരിച്ചു.