കോഴിക്കോട്: ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഡിസൈന്‍ കോഴ്‌സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കാത്തതിനാല്‍ കടുത്ത പ്രയാസത്തിലാണെന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2022,23,24 അധ്യന വര്‍ഷങ്ങളിലായി 180ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഒരു സ്ഥിരം അധ്യാപകര്‍ പോലുമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യേതര വിഷയങ്ങള്‍, ലാബ്, അടിസ്ഥാന സൗകര്യമൊരുക്കല്‍ എന്നിവയിലെല്ലാം താളം തെറ്റി കിടക്കുകയാണ്. സ്ഥിരം അധ്യാപകര്‍ ഇല്ല എന്ന പരമാര്‍ത്ഥം പ്രവേശനം ലഭിച്ചതിന് ശേഷം മാത്രമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറിയുന്നത്. പൊതു പരീക്ഷയെഴുതി ഉന്നത വിജയം കരസ്ഥമാക്കി കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളോട് അധികാരികള്‍ ചെയ്യുന്ന കൊടിയ വഞ്ചനയാണിത്. അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിനിധികളും, പിടിഎ ഭാരവാഹികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെയും നേരില്‍കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തിലിടപെടുകയും തിരുവനന്തപുരം, തൃശൂര്‍, കോട്ടയം എന്നീ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് ഓരോ അധ്യാപകര്‍ വീതം കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് അറിയിച്ചെങ്കിലും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. 2022ല്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഒന്നര വര്‍ഷം മാത്രമാണ് ക്ലാസുകള്‍ നല്‍കാനാവുക. പ്രൊജക്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദഗ്ധരായ സ്ഥിരം അധ്യാപകരുടെ സേവനം ഒഴിച്ചു കൂടാനാവാത്തതാണ്. കോളേജില്‍ AR/VR ലാബ് സജ്ജമാക്കിയിട്ടില്ല. നൂതനമായ കോഴ്‌സായതിനാല്‍ ഈ സൗകര്യം അടുത്തുള്ള കോളേജുകളിലും ലഭ്യമല്ല. കോളേജിലെ മറ്റ് ബ്രാഞ്ചുകളിലെ ഏകദേശം 1000ത്തിനടുത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന സെമസ്റ്ററുകളില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഡിസൈന്‍ ബ്രാഞ്ചിന്റെ ഇലക്ടീവ് എടുക്കാന്‍ അവസരമുണ്ട്. അതുപോലെ യൂണിവേഴ്‌സിറ്റി നല്‍കുന്ന മറ്റൊരു അവസരമാണ് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഡിസൈന്‍ ബ്രാഞ്ചിന്റെ വിഷയങ്ങള്‍ മൈനര്‍ എന്ന നിലയില്‍ കോളേജിലെ മറ്റു ബ്രാഞ്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എടുക്കാം എന്നത്. എന്നാല്‍ ഇതൊന്നും സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ സാധിക്കുന്നില്ല. നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിഷയം സ്ഥലം എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ഗവര്‍ണറുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ശ്രദ്ധിയില്‍ കൊണ്ട്‌വരും. വിദ്യാര്‍ത്ഥികളുടെ ഭാവികൊണ്ട് പന്താടാനാണ് അധികാരികളുടെ ഭാവമെങ്കില്‍ അതിശക്തമായ വിപുലമായ അവകാശ പ്രക്ഷോഭ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ അഞ്ജന.എ.നായര്‍, ജന.സെക്രട്ടറി മുഹമ്മദ് ഷമീല്‍, ദര്‍ശന്‍.എസ്, ഫിദ തസ്‌നി, സാന്ദ്ര അലക്‌സ് എന്നിവര്‍ പങ്കെടുത്തു.