പി.ടി.നിസാര്‍
കോഴിക്കോട്: അതിസാഹസികമായ മാജിക് പ്രകടനത്തിലൂടെ മാജിക്കിന്റെ ചരിത്രത്തില്‍ പുതുചരിത്രമെഴുതിയ മാന്ത്രികന്‍ പ്രദീപ് ഹുഡിനോയുടെയും, അദ്ദേഹം നേതൃത്വം കൊടുക്കുന്ന മാജിക് വേള്‍ഡിന്റെയും ആഭിമുഖ്യത്തില്‍ 2024 ഒക്ടോബര്‍ ഒന്നു മുതല്‍ 2025 സെപ്തംബര്‍ അവസാനംവരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത മാജിക് പ്രോഗ്രാമുകള്‍ നടക്കും.. മാജിക് ഷോ, മാജിക് ക്ലാസ്സ് എന്നിവയ്‌ക്കൊപ്പം, മാജിക് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ആര്‍ട്ട് ആന്റ് സയന്‍സ് ഓഫ് ക്രിയേറ്റീവ് മാജിക് ഇല്യൂഷന്‍സ് എന്ന ലക്ചറര്‍-ഡെമോണ്‍സ്‌ട്രേഷന്‍, സൈക്കോളജി ഓഫ് കഞ്ചുറിങ്, ദ ഫിസിക്‌സ് ഓഫ് മാജിക്, മാത്-മാജിക്, മാജിക് ചരിത്ര പ്രദര്‍ശനം, മാജിക് ഉത്സവം, മെഗാമാജിക് ഷോ, ഇതര കലാരൂപങ്ങളുമായി കോര്‍ത്തിണക്കി മാജിക് ഫ്യൂഷന്‍സ്, ചാരിറ്റി ഷോ, കമ്യൂണിറ്റി ഷോ എന്നിവ നടത്തും. നാടോടിക്കഥകളെ ഹാര്‍ദ്ദവമായി സ്വീകരിക്കപ്പെടുന്ന പാശ്ചാത്യ ലോകത്ത് ഇന്ത്യന്‍ ഫോക് മാജിക്കിന്റെ പരിമളം പരത്താനായി ഗ്ലോബല്‍ മാജിക് പ്രൊജക്ട് എന്ന നാമധേയത്തില്‍ 2025ല്‍ ജര്‍മ്മനിയിലെ ടൂബിംഗന്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് യൂറോപ്പിലേക്കൊരു വിസ്മയ യാത്ര നടത്തും. മറ്റ് രാജ്യങ്ങളിലേക്കും തുടര്‍യാത്ര ഒരുക്കും. റെസ്‌പോണ്‍സബിള്‍ ടൂറിസം , ഡിടിപിസി, എന്നിവയുമായി കൈകോര്‍ത്ത് മലബാറിലെ വിസ്മയ കാഴ്ചകളും, രുചി വൈവിധ്യവും മാജിക് എക്‌സ്പീരിയന്‍സും ചേര്‍ത്ത് വില്ലേജ് ടൂറിസം ഫെസ്റ്റിവല്‍ പാക്കേജും ഒരുക്കും. ഇന്ദ്രജാലത്തെ ഹ്യൂമന്‍ ഡവലപ്‌മെന്റായി കോര്‍ത്തിണക്കുന്ന, മാജിക് ലോകത്തെ പുതുമയാര്‍ന്ന രണ്ട് നൂതന പരിപാടികളായ മാജിക് എസ്.എന്‍, എഡ്യൂക്കേഷണല്‍ ടൂള്‍ മാജിക് ഫോര്‍ ഇന്‍ഡിവിച്വല്‍ ഡവലപ്‌മെന്റ് ലൈഫ് സ്റ്റൈല്‍ എന്നിവയും അരങ്ങേറും.
കഴിഞ്ഞ 40 വര്‍ഷം കൊണ്ട് രാജ്യത്തിനകത്തും വിദേശത്തുമായി 2500 വേദികളില്‍ പ്രദീപ് ഹുഡിനോ മാജിക് അവതരിപ്പിച്ചിട്ടുണ്ട്. 12ല്‍ പരം ദേശീയ മാജിക് കണ്‍സെഷനുകളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 1999ല്‍ അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സിന്റെ അന്താരാഷ്ട്ര സമ്മേളനത്തിലും അതേ വര്‍ഷം അമേരിക്കയിലെ ഓഹിയോവില്‍ നടന്ന സൊസൈറ്റി ഓഫ് അമേരിക്കന്‍സിന്റെ സാര്‍വ്വദേശീയ സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
അതിസാഹസികമായ റെയില്‍ട്രാക്ക് എസ്‌കേപ്പ്, അണ്ടര്‍വാട്ടര്‍ മിസ്റ്ററി, ഫയര്‍ എസ്‌കേപ്പ്, പ്രൊപ്പല്ലര്‍ എസ്‌കേപ്പ് തുടങ്ങിയ ജാലവിദ്യകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കും കണ്ണ് കെട്ടി 450 കി.മീ ബൈക്കോടിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് വേള്‍ഡിന്റെ സ്ഥാപകനും, ഡയറക്ടറുമായി പ്രവര്‍ത്തിച്ച് വരികയാണ് പ്രദീപ് ഹുഡിനോ.
മധുരത്തിന്റെയും സ്‌നേഹത്തിന്റെയും നഗരമായ കോഴിക്കോട്, യുനെസ്‌കോയുടെ സാഹിത്യ നഗരമായി മുന്നേറുമ്പോള്‍ കോഴിക്കോട്ടുകാരനായ ഈ മാന്ത്രികന്റെ ഇന്ദ്രജാലങ്ങള്‍ വരാനിരിക്കുന്ന ഒരു വര്‍ഷം മുഴുവന്‍ കോഴിക്കോടിനെ മാത്രമല്ല, കേരളത്തെയും മറ്റ് രാജ്യങ്ങളെയും മാന്ത്രികതയുടെ വിസ്മയ ലോകത്തേക്ക് ആനയിക്കും.
മാന്ത്രികന്‍ പ്രദീപ് ഹുഡിനോ
Mob: 9847000102