കേരള നിയമസഭയുടെ 12ാം സമ്മേളനം ആരംഭിച്ചു സംസ്ഥാനത്തെ ഉരുള്‍പൊട്ടലില്‍ ദു:ഖം രേഖപ്പെടുത്തി

കേരള നിയമസഭയുടെ 12ാം സമ്മേളനം ആരംഭിച്ചു സംസ്ഥാനത്തെ ഉരുള്‍പൊട്ടലില്‍ ദു:ഖം രേഖപ്പെടുത്തി

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 12ാം സമ്മേളനം ആരംഭിച്ചു.സംസ്ഥാനത്തെ ഉരുള്‍പൊട്ടലില്‍ സഭ ദു:ഖം രേഖപ്പെടുത്തി.
വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഉരുള്‍പൊട്ടലില്‍ നാടിനെ വിട്ടുപിരിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും അറിയിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

സമാനതകളില്ലാത മഹാദുരന്തമാണ് വയനാട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ”കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്. ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും 180 വീടുകള്‍ ഒഴുകിപോവുകയും ചെയ്തു. ഏതാണ്ട് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയില്‍ ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടിലും ഉരുള്‍പൊട്ടലുണ്ടായത്. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കു പ്രകാരം 48 മണിക്കൂറില്‍ 307 മില്ലീലിറ്റര്‍ മഴയാണ് വിലങ്ങാട് രേഖപ്പെടുത്തിയത്. അവിടെ ഒരു വിലപ്പെട്ട ജീവനും നഷ്ടമായി. വീടുകള്‍, കടകള്‍, ജീവനോപാധികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടു. അവയെല്ലാം ചേര്‍ന്ന് 217 കോടി രൂപയുടെ നഷ്ടമെങ്കിലുമുണ്ടായി. മേപ്പാടിയിലെ അതിജീവതകര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിലുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. വിലങ്ങാടിലും സമാനമായ പുരനധിവാസ പ്രവര്‍ത്തനങ്ങളും നടക്കുന്നു. രണ്ടിടങ്ങളിലും അതിജീവിതര്‍ക്കു വേണ്ട അടിയന്തര സഹായങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കി” മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും വരെ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ സതീശന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സാമ്പത്തിക സഹായം ഉണ്ടായില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

 

 

കേരള നിയമസഭയുടെ 12ാം സമ്മേളനം ആരംഭിച്ചു
സംസ്ഥാനത്തെ ഉരുള്‍പൊട്ടലില്‍ ദു:ഖം രേഖപ്പെടുത്തി

Share

Leave a Reply

Your email address will not be published. Required fields are marked *