കോഴിക്കോട്: ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 5, 6 തിയതികളിലായി വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ ഗംഗാതരംഗം എന്ന പേരില്‍ ദ്വിദിന ചലച്ചിത്ര ശില്‍പശാല സംഘടിപ്പിക്കുമെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്ററായ പി.വി.ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 6ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര പെട്രോളിയം-ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി സംബന്ധിക്കും. ശില്‍പശാലയില്‍ ക്യാമ്പംഗങ്ങള്‍ നിര്‍മ്മിച്ച കൊച്ചു സിനിമകള്‍ വിലയിരുത്തി ഏറ്റവും നല്ല മൈക്രോ മൂവിക്കുള്ള ഉപഹാരവും, സര്‍ട്ടിഫിക്കറ്റും, ക്യാഷ് അവാര്‍ഡും സമ്മാനിക്കും. പിന്നണി ഗായിക മച്ചാട്ട് വാസന്തിക്ക് സഹായധനം മേയര്‍ ബീന ഫിലിപ്പ് കൈമാറും. ശില്‍പശാലയുടെ ഉദ്ഘാടനം 5ന് രാവിലെ 10 മണിക്ക് സിബി മലയില്‍ നില്‍വ്വഹിക്കും. തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ക്യാമ്പില്‍ 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കളാണ് പങ്കെടുക്കുക. നൂറോളം എന്‍ട്രികളില്‍ നിന്ന് 30 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുക.
പി.വി.ഗംഗാധരന്റെ സ്മരണയ്ക്കായി കോഴിക്കോട്ട് ഒരു ഫിലിം ഇസ്റ്റിറ്റിയൂട്ട് ആരംഭിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പി.വി.നിധീഷ് കുമാര്‍, പുത്തൂര്‍മഠം ചന്ദ്രന്‍, അഡ്വ.എം.രാജന്‍ എന്നിവരും പങ്കെടുത്തു.