മാലിന്യ മുക്ത കേരളത്തിനായി കൈകോര്‍ക്കാം

മാലിന്യ മുക്ത കേരളത്തിനായി കൈകോര്‍ക്കാം

എഡിറ്റോറിയല്‍
കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം. മാലിന്യ നിര്‍മ്മാര്‍ജ്ജനം ഒരു തുടര്‍പ്രക്രിയയാണ്. ്ത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മുന്നോട്ട് കൊണ്ട്‌പോകേണ്ട തുടര്‍ പ്രക്രിയ. മാലിന്യംമൂലമുണ്ടാകുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മാലിന്യ മുക്തം നവ കേരളം എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഹരിത കേരള മിഷനാണ് ഈ ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം സര്‍ക്കാരിന്റെ  എല്ലാ സംവിധാനങ്ങളും ഈ ക്യാമ്പയിനില്‍ അണിനിരക്കുന്നുണ്ട്. പൊതു മാലിന്യ പ്രശ്‌ന പരിഹാരം പൊതു സമൂഹത്തിലൂടെ എന്നതാണ് ഈ ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നത്. ഇത്തരം ഒരു ബൃഹത്തായ ക്യാമ്പയിന്‍ സന്നദ്ധ സംഘടനകള്‍, മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂടി ഏറ്റെടുക്കണം.
അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം. നഗരങ്ങളിലാണ് മാലിന്യം കൂടുതലുണ്ടാവുന്നത്. ഇത്തരം മാലിന്യങ്ങള്‍ കൃത്യമായി സംസ്‌ക്കരിക്കാന്‍ ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങള്‍ ഇന്നുണ്ട്. അതുപയോഗിച്ച് രാജ്യത്തെ വന്‍കിട നഗരങ്ങള്‍ മാലിന്യ സംസ്‌ക്കരണം ഭംഗിയായി മുന്നോട്ട്‌കൊണ്ട് പോകുന്നുണ്ട്. ഇത്തരം മാലിന്യ പ്ലാന്റുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. സര്‍ക്കാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ അതിനെതിരെ പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അത് ഏറ്റെടുത്ത് രാഷ്ട്രീയ പ്രസ്ഥാപനങ്ങളും വരുന്നത് കഷ്ടമാണ്. 2035ഓടെ നമ്മുടെ ജനസംഖ്യയുടെ 90%വും നഗര ജനസംഖ്യയായി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതെല്ലാം മനസിലാക്കിയാവണം ആധുനിക സാങ്കേതിക വിദ്യകളെ നാം സ്വീകരിക്കേണ്ടത്. മാലിന്യ സംസ്‌ക്കരണത്തിലൂടെ വീണ്ടും ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള സാങ്കേതിക വിദ്യയും നാം സ്വീകരിക്കണം.
കേരളത്തിന്റെ ഏറ്റവും പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്ന് ടൂറിസമാണ്. ടൂറിസം വിജയിക്കണമെങ്കില്‍ നാട് വൃത്തിയുള്ളതായിരിക്കണം. വൃത്തിയും വെടിപ്പുമില്ലാത്തിടത്ത് വിജയ സാധ്യത കുറവാണ്. നമ്മുടെ പൊതു ഇടങ്ങള്‍ വൃത്തിയോടെ പരിപാലിക്കപ്പെടണം. റോഡുകളും മറ്റും കുറ്റമറ്റതാക്കി മാറ്റണം. മാലിന്യം പെരുകുകയും അത് നമ്മുടെ കുടിവെള്ള സ്രോതസ്സുകളെപ്പോലും മലിനപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. വ്യാപാര സ്ഥാപനങ്ങള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് വരുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കപ്പെടണം. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ജന്മ ദിനത്തില്‍ നാമെല്ലാവരും സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് പോലെ മറ്റ് ഒഴിവുളള മഹത് ദിനങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍തുടരാനാവണം. കാമ്പസുകളില്‍ കുട്ടികള്‍ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ  പ്രാധാന്യം പഠിപ്പിക്കുകയും സേവന പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം ആശയങ്ങളുടെ സന്ദേശവാഹകരാകാന്‍ നമ്മുടെ കുട്ടികളെ സജ്ജമാക്കണം.
എന്തുകൊണ്ടും അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. നമ്മുടെ നാട് മാലിന്യങ്ങളില്ലാതെ, ശുദ്ധിയോടെയിരിക്കാന്‍ നമുക്കെല്ലാം കൈകോര്‍ക്കാം.

മാലിന്യ മുക്ത കേരളത്തിനായി കൈകോര്‍ക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *