കോഴിക്കോട്: സ്വാതിതിരുന്നാള്‍ കലാകേന്ദ്രം ട്രസ്റ്റ് മ്യൂസിക് തെറാപ്പി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന നവരാത്രി നൃത്ത-സംഗീത മഹോത്സവം 2024, 3 മുതല്‍ 13 വരെ നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 4ന് വെള്ളി വൈകിട്ട് 5 മണിക്ക് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നൃത്ത സംഗീത ക്ലാസുകള്‍, സംഗീത സദസ്സുകള്‍ എന്നിവ തുടര്‍ ദിവസങ്ങളില്‍ നടക്കും. 12ന് ശനിയാഴ്ച ഡോ.ഷീബകൃഷ്ണ കുമാറിന്റെ മോഹിനിയാട്ടം അരങ്ങേറും. 13ന് കാലത്ത് 7.30 മുതല്‍ 12 മണിവരെ കുട്ടികളുടെ എഴുത്തിനിരുത്തല്‍ നടക്കും. കഴിഞ്ഞ 30 വര്‍ഷമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നടത്തിയ സാന്ത്വന പരിപാടി തുടര്‍ന്ന് കലാ കേന്ദ്രത്തില്‍ നടക്കും. മുന്നൂറിലധികം സീറ്റുകളുള്ള എസി ഹാള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സംഗീത താല്‍പ്പര്യമുള്ളവര്‍ക്കെല്ലാം കലാകേന്ദ്രത്തിലെത്താമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, വീണ, വയലിന്‍, മൃദംഗം, തബല, കീബോര്‍ഡ്, ഗിറ്റാര്‍, വെസ്‌റ്റേണ്‍ വയലിന്‍, ചിത്ര രചനയില്‍ പുതിയ ബാച്ചുകളിലേക്കും അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. അഡ്മിഷനുവേണ്ടി 9747000817 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.