കക്കാടംപൊയിലില്‍ കാട്ടരുവി തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിക്കാന്‍ നടപടി
കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടികള്‍ ശക്തമാക്കി സര്‍ക്കാര്‍. പി.വി.അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലെ പി.വി.ആര്‍. നാച്ചുറല്‍ പാര്‍ക്കിലെ കാട്ടരുവി തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ റീടെന്‍ഡര്‍ ക്ഷണിക്കാനും പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
നദീസംരക്ഷണ സമിതിയുടെ 5 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അന്‍വറിന്റെ പാര്‍ക്കിലെ 4 തടയണകള്‍ പൊളിക്കാന്‍ ജനുവരി 31നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ പഞ്ചായത്ത് ഏറെനാള്‍ നടപടിയെടുക്കാതിരുന്നതോടെ നദീസംരക്ഷണ സമിതി വീണ്ടും കോടതിയെ സമീപിച്ച് നിയമയുദ്ധം നടത്തിയതിനുശേഷമാണ് തടയണകള്‍ പൊളിച്ചുമാറ്റിയത്.എന്നാല്‍ തടയണകള്‍ മാറ്റിയതിനൊപ്പം സമീപത്തെ കാട്ടരുവിയും ഉടമകള്‍ മണ്ണിട്ടു മൂടുകയും കിണറും കോണ്‍ക്രീറ്റ് ഓവുചാലും നിര്‍മിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് വീണ്ടും നദീസംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ജില്ലാ കലക്ടറോട് നടപടിയെടുക്കാനും നിര്‍ദേശിച്ചു. നിര്‍മാണങ്ങള്‍ പൊളിക്കാന്‍ ജില്ലാ കലക്ടര്‍ ജൂലൈ 25ന് ഉത്തരവിട്ടെങ്കിലും. ഉടമകള്‍ അനുസരിച്ചില്ല. ഉടമകള്‍ നിര്‍മാണങ്ങള്‍ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അതിനുള്ള നടപടിയെടുക്കാമെന്നും ചെലവു വരുന്ന തുക ഉടമകളില്‍നിന്ന് ഈടാക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ടായിരുന്നു. ഇതു പ്രകാരം നിര്‍മാണം പൊളിക്കാന്‍ സെപ്റ്റംബറില്‍ പഞ്ചായത്ത് ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.
അന്‍വറിനെതിരെ നടപടികള്‍ ശക്തമാക്കി സര്‍ക്കാര്‍