എഡിറ്റോറിയല്‍
കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന വാര്‍ത്തകള്‍ നിരാശാജനകമാണ്. മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ പാരമ്പര്യമുള്ളതായിരുന്നു നമ്മുടെ രാഷ്ട്രീയ രംഗം. പ്രായോഗിക രാഷ്ട്രീയത്തിന്റെയും ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പ്രയോക്താക്കളായിരുന്ന നിരവധി നേതാക്കള്‍ നമുക്കുണ്ടായിരുന്നു. അവര്‍ കെട്ടിപ്പൊക്കിയ അടിത്തറയിലാണ് നമ്മുടെ രാഷ്ട്രീയ രംഗം നിലകൊള്ളുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന രാഷ്ട്രീയ നേതൃത്വവും, സമൂഹത്തിന് വേണ്ടി ലാഭേച്ഛയില്ലാതെ പൊതു പ്രവര്‍ത്തനം നടത്തിയ നേതാക്കളും നമുക്കുണ്ടായിരുന്നു. സി.അച്ച്യുതമേനോന്‍, സി.എച്ച്.മുഹമ്മദ് കോയ, ഇ.എം.എസ്.നമ്പൂതിരിപ്പാട്, സി.കെ.ഗോവിന്ദന്‍ നായര്‍ തുടങ്ങിയ ഭരണാധികാരികളും നമുക്കുണ്ടായിരുന്നു.
എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെയും, അധികാര കേന്ദ്രങ്ങളെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. സമീപകാലത്ത് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ നമ്മുടെ രാഷ്ട്രീയ രംഗത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആരായാലും അവരെല്ലാം തങ്ങളിരിക്കുന്ന പദവിയുടെ മൂല്ല്യം ഉയര്‍ത്തിപ്പിടിക്കുന്നവരാകണം. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് ഉറക്കെ വിളിച്ച് പറയുമ്പോഴും, നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഒരു സുപ്രഭാതത്തില്‍ ഒരു വ്യക്തി ആരോപണങ്ങളുമായി രംഗത്തെത്തുമ്പോള്‍, അതിനെയെടുത്ത് ആഘോഷമാക്കുന്ന മാധ്യമലോകവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി കേരളം തിരിച്ചറിഞ്ഞതാണ്. വിലകുറഞ്ഞ ആരോപണങ്ങള്‍ വ്യക്തികള്‍ ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അതിന് കുടപിടിക്കുകയും, സമുന്നതരായ നേതാക്കളെ തേജോവധം ചെയ്യാന്‍ കൂട്ടു നില്‍ക്കുന്നതും കേരളം ദര്‍ശിച്ചതാണ്.
അരനൂറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് വരുമ്പോള്‍ അതിന്റെ വസ്തുതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. ജനങ്ങളിലേക്ക് സത്യവും വസ്തുതകളുമെത്തിക്കുന്നതാണ് മാധ്യമ ധര്‍മ്മം. വ്യക്തികള്‍ക്കും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കടക്കം അവരുടേതായ താല്‍പര്യങ്ങളുണ്ടാവും. അതെല്ലാം കണ്ണുമടച്ച് റിപ്പോര്‍ട്ട് ചെയ്യലല്ല മാധ്യമങ്ങളുടെ ജോലി.
ഒരു വ്യക്തിയേയോ, പ്രസ്ഥാനങ്ങളെയോ എല്ലാവരുംകൂടി ക്രൂശിച്ച് അവസാനം അവര്‍ നിരപരാധികളാണെന്ന് വന്നാല്‍ അവര്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തിനും പ്രയാസങ്ങള്‍ക്കും ആര് ഉത്തരം നല്‍കും.
നാം പുലര്‍ത്തിപോരേണ്ട ഉന്നത മൂല്ല്യങ്ങള്‍ മുറുകെ പിടിച്ചാലേ നമുക്ക് വരും തലമുറക്ക് കൈമാറാന്‍ സാധിക്കുകയുള്ളൂ. വ്യക്തി വിരോധം തീര്‍ക്കലോ, വ്യക്തികളേയോ, പ്രസ്ഥാനങ്ങളെയോ തകര്‍ക്കലോ ഒന്നുമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. രാഷ്ട്രീയം, നാടിന്റെ നിര്‍മ്മാണ പ്രക്രിയയാണ്. രാഷ്ട്രത്തിന് വേണ്ടിയാണ് നാമോരോരുത്തരും പ്രവര്‍ത്തിക്കേണ്ടത്. മറ്റ് തരത്തില്‍ ഉയര്‍ന്ന് വരുന്നതെല്ലാം ഈയാംപാറ്റകാളാണ്. നമ്മുടെ രാഷ്ട്രീയ രംഗം കൂടുതല്‍ മൂല്യവത്താക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.