ജറുസലേം: ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ഔദ്യോഗികമായി അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇസ്രയേലി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബയ്‌റുത്തിലെ ആക്രമണത്തില്‍ ആറ് ബഹുനിലക്കെട്ടിടങ്ങളാണ് തകര്‍ന്നത്. സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യു.എന്‍. അറിയിച്ചു. യു.എസും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 21 ദിനവെടിനിര്‍ത്തല്‍ നിര്‍ദേശത്തെ അപ്പാടേ നിരാകരിക്കുന്നതാണ് ഇസ്രയേല്‍ നടപടി.
ഹിസ്ബുള്ളയ്‌ക്കെതിരേയുള്ള സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് യു.എന്‍. പൊതുസഭയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ഗാസയില്‍ ഹമാസിനെതിരേ സമ്പൂര്‍ണവിജയം എന്ന യുദ്ധലക്ഷ്യം നേടുംവരെ ലെബനനിലും സൈനികനടപടി തുടരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധത്തിനു കോപ്പുകൂട്ടുന്നെന്ന സൂചന നല്‍കി ലെബനനുമായി അതിര്‍ത്തിപങ്കിടുന്ന വടക്കന്‍മേഖലകളിലേക്ക് ഇസ്രയേല്‍ കൂടുതല്‍ യുദ്ധടാങ്കുകളും കവചിതവാഹനങ്ങളുമെത്തിക്കുന്നത് തുടരുകയാണ്. കരുതല്‍സേനാംഗങ്ങളോട് ജോലിയില്‍ പ്രവേശിക്കാനും സൈനികനേതൃത്വം ഉത്തരവിട്ടിട്ടുണ്ട്. കരയുദ്ധം ആരംഭിക്കാന്‍ എതുനിമിഷവും ഒരുങ്ങിയിരിക്കണമെന്ന് ഇസ്രയേല്‍ സേനാമേധാവി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള
കൊല്ലപ്പെട്ടതായി ഇസ്രയേല്‍