കോഴിക്കോട്: അര്‍ജുനെ ജീവനോടെ എത്തിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയില്‍ പറഞ്ഞു. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ മൃതദേഹമെങ്കിലും വീട്ടില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ആശ്വസിക്കുന്നതായും അദ്ദേഹം അറിയിച്ചു.തിരച്ചില്‍ സമയത്ത് വളരെയേറെ പ്രതിസന്ധികള്‍ നേരിട്ടു.ഒറ്റക്കെട്ടായി നിന്ന മലയാളികളും മാധ്യമങ്ങളും ദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രചോദനമായി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വേണ്ടരീതിയില്‍ ഇടപെട്ടു.അര്‍ജുന്റെ മൃതദേഹത്തിനൊപ്പം സതീഷ് സെയിലും ഇന്നു കോഴിക്കോട്ടെത്തി. കേരളത്തിന്റെ മുഴുവന്‍ ആദരവും ഏറ്റുവാങ്ങി അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടില്‍ ദഹിപ്പിച്ചു.
സതീഷ് സെയിലിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രമാണ് തിരച്ചിലുമായി മുന്നോട്ടുപോകാന്‍ സാധിച്ചതെന്ന് എം.കെ.രാഘവന്‍ എംപി പറഞ്ഞു. മലയാളികള്‍ സതീഷ് സെയിലിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രന്‍, എംപി ഷാഫി പറമ്പില്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.എം.സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, മേയര്‍ ബീന ഫിലിപ്പ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും അര്‍ജുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അര്‍ജുനെ ജീവനോടെ എത്തിക്കാന്‍ സാധിക്കാത്തതില്‍
സങ്കടപ്പെട്ട് കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയില്‍