നാമക്കല്‍: തൃശൂരിലെ എടിഎം കവര്‍ച്ച ചെയ്ത സംഘം തമിഴ്നാട് പോലീസിന്റെ പിടിയില്‍. തമിഴ്നാട്ടിലെ നാമക്കലില്‍ കുമാരപാളയത്തുവച്ചാണ് സംഘത്തെ തമിഴ്നാട് പൊലീസ് പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവര്‍ച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം.ഹരിയാന സ്വദേശികളാണ് പിടിയിലായവര്‍. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് സംഘം യാത്ര ചെയ്തിരുന്നത്.
മോഷണസംഘം സഞ്ചരിച്ച കണ്ടെയ്നര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചിരുന്നു. ഇതോടെ നാമക്കല്‍ പൊലീസ് കണ്ടെയ്നര്‍ ലോറിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. എടിഎമ്മില്‍നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തു. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എടിഎമ്മുകള്‍ കൊള്ളയടിച്ചത്.
കാറിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. മാപ്രാണത്തുനിന്ന് 30 ലക്ഷം, കോലഴിയില്‍നിന്ന് 25 ലക്ഷം, ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മില്‍നിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവര്‍ന്നത്. വെള്ള കാറിലെത്തിയാണ് സംഘം എടിഎം കവര്‍ച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉള്‍പ്പെടെ കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു എന്നാണ് സൂചന.
തൃശൂരിലെ എടിഎം കവര്‍ച്ചാ സംഘം തമിഴ്നാട് പൊലീസിന്റെ പിടിയില്‍