തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ ഐഎസ്പിഎസ് (ഇന്റര്‍ നാഷനല്‍ ഷിപ്പിങ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഈ അംഗീകാരം നല്‍കുന്നത്.
ഡിസംബറില്‍ താല്‍ക്കാലിക അംഗീകാരമേ ലഭിച്ചിരുന്നുള്ളൂ. തുടര്‍ പരിശോധനകള്‍ക്കുശേഷമാണു സ്ഥിരം അംഗീകാരം ലഭിച്ചത്. ഇതോടുകൂടി വിഴിഞ്ഞം തുറമുഖം പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഘട്ടം കൂടി പൂര്‍ത്തിയായി.രാജ്യാന്തര കപ്പല്‍ മേഖലയില്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷ നിര്‍ദ്ദേശങ്ങളും തുറമുഖ അധികാരികള്‍, കപ്പല്‍ കമ്പനികള്‍ എന്നിവര്‍ പാലിക്കേണ്ട നാവിക തുറമുഖ സുരക്ഷ നിര്‍ദേശങ്ങളും പരിശോധിച്ചാണ് ഈ അനുമതി ലഭിക്കുന്നത്. രാജ്യാന്തര കപ്പലുകള്‍ക്ക് സര്‍വീസിന് ഉപയോഗിക്കണമെങ്കില്‍ ഐഎസ്പിഎസ് അംഗീകാരം ആവശ്യമാണ്.
കാര്‍ഗോ അതിവേഗ ക്രാഫ്റ്റ്, ബള്‍ക്ക് കാരിയര്‍, ചരക്ക് കപ്പല്‍ എന്നിവയ്ക്ക് വിഴിഞ്ഞത്തു നങ്കൂരമിടാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുന്നത്. ഈ നേട്ടം സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ നാഴികക്കല്ലാകുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.