ന്യൂഡല്‍ഹി: നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യനീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സിദ്ദീഖിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ചെയ്തത്.
സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ ശക്തമായി എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍വേണ്ടി സിദ്ദിഖ് ശ്രമിച്ചേക്കുമെന്ന സാധ്യത സര്‍ക്കാരിന്റെ മുന്നിലുണ്ട്. സിദ്ദിഖ് അത്തരമൊരു ആവശ്യമുന്നയിക്കുകയാണെങ്കില്‍ അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ വാദം. നിലവില്‍ ഇതുവരെ സിദ്ദിഖ് ജാമ്യഹര്‍ജി ഫയല്‍ചെയ്തിട്ടില്ല. ബുധനാഴ്ച വൈകീട്ടോ വ്യാഴാഴ്ച രാവിലയോടെയോ ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.