അനിശ്ചിതത്തിന് വിരാമമായി അര്‍ജുന്‍ ഓടിച്ച ലോറിയും അതില്‍ കണ്ടെത്തിയ മൃതദേഹവും

അനിശ്ചിതത്തിന് വിരാമമായി അര്‍ജുന്‍ ഓടിച്ച ലോറിയും അതില്‍ കണ്ടെത്തിയ മൃതദേഹവും

കോഴിക്കോട്: ഉത്തരകന്നഡയിലെ ദേശീയപാത 66-ല്‍ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയും
അതില്‍ കണ്ടെത്തിയ മൃതദേഹവും കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമാവുകയാണ്. വാഹനം അര്‍ജുന്‍ ഓടിച്ചതാണെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. വാഹനത്തില്‍നിന്ന് കണ്ടെടുത്ത മൃതദേഹഭാഗം ആരുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്.
ജൂലായ് 16- ഉത്തരകന്നഡ ജില്ലയില്‍ രണ്ടുദിവസമായി പെയ്ത കനത്തമഴയിലാണ് ദേശീയപാത 66-ല്‍ ഷിരൂരില്‍ കുന്നിടിഞ്ഞ് വീണത്. ദേശീയപാതയുടെ മറുവശം ഗംഗാവലി പുഴയാണ്. മണ്ണിടിഞ്ഞ് മഴവെള്ളത്തോടൊപ്പം പുഴയിലേക്ക് ഒഴുകിപ്പോയ നിലയിലായിരുന്നു. ഈ ഒഴുക്കില്‍ ആളുകള്‍ പെട്ടിട്ടുണ്ടെന്ന് സംശയമുണര്‍ന്നതോടെ ചൊവ്വാഴ്ച തന്നെ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഈ ഘട്ടത്തിലൊന്നും അര്‍ജുന്‍ അപകടത്തില്‍പ്പെട്ടെന്ന വിവരം പുറംലോകമറിഞ്ഞിരുന്നില്ല. തുടക്കത്തില്‍ കരയിലാണ് തിരച്ചില്‍ നടന്നത്്.

തൊട്ടടുത്ത ദിവസം അപകടസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. റോഡരികില്‍ ചായക്കട നടത്തിവന്ന ലക്ഷ്മണ്‍ നായക് (47), ഭാര്യ ശാന്തി (36), മകന്‍ റോഷന്‍ (11), മകള്‍ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് രണ്ടുദിവസമായി നടന്ന തിരച്ചിലില്‍ കണ്ടെത്തിയത്. രണ്ടുപേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടര്‍ന്നു.

കുന്നിടിഞ്ഞ് വന്‍തോതില്‍ മണ്ണുള്‍പ്പെടെ സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഒലിച്ചുപോയിരുന്നു. ജൂലായ് 19- ഷിരൂരിലെ അപകടത്തില്‍ കോഴിക്കോട് സ്വദേശിയും ലോറിഡ്രൈവറുമായ അര്‍ജുനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയം. അര്‍ജുന്റെ ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ അവസാനമായി ലഭിച്ചത് അപകടസ്ഥലത്തുനിന്നായിരുന്നു. തിങ്കളാഴ്ചയാണ് അര്‍ജുന്‍ അവസാനമായി വിളിച്ചതെന്നും പിന്നീട് വിവരമില്ലെന്നും ബന്ധുക്കളും പറഞ്ഞു. ഇതോടെ സംഭവം വലിയ വാര്‍ത്തയായി. തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ ജനപ്രതിനിധികളും മറ്റും ഇടപെട്ടു. ഇതിനിടെ ഷിരൂരിലെ അപകടത്തില്‍ പത്തുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.

ജൂലായ് 20- അപകടം നടന്ന് അഞ്ചാംദിവസവും തിരച്ചില്‍. അര്‍ജുന്‍ അടക്കം മൂന്നുപേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍. റഡാര്‍ അടക്കം എത്തിച്ച് തിരച്ചില്‍. കേരളത്തില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത്. സര്‍ക്കാര്‍തലത്തിലും ഇടപെടല്‍. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തണമെന്ന് അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം. പക്ഷേ, കനത്തമഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. കരയിലും പുഴയിലും സര്‍വ്വ സന്നാഹങ്ങളുമുപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനെയും ലോറിയും കണ്ടെത്തിയില്ല. 71 ദിവസത്തിനു ശേഷം നിരന്തരമുള്ള പല പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് പുറത്തെടുത്തു. കാബിനില്‍ മൃതദേഹവും കണ്ടെടുത്തു. രാജ്യം കണ്ട ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യത്തിന് ഇതോടെ വിരാമമായി.

 

 

 

അനിശ്ചിതത്തിന് വിരാമമായി അര്‍ജുന്‍ ഓടിച്ച ലോറിയും
അതില്‍ കണ്ടെത്തിയ മൃതദേഹവും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *