ടെല്‍ അവീവ്: ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേയുള്ള സൈനിക നടപടി വ്യാപിപിച്ച് ഇസ്രയേല്‍. നിലവിലെ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ യുഎസും സജ്ജമായി. നിലവില്‍ യുഎസിന്റെ 40000 സൈനികര്‍ പ്രദേശത്ത് വിന്യസിച്ചത് കൂടാതെ വിമാനവാഹിനിക്കപ്പലും, രണ്ട് യുദ്ധക്കപ്പലുകളും,ഒരു ക്രൂയിസറും യു.എസ് അയച്ചിട്ടുണ്ട്. ബെയ്‌റൂത്തിലെ യു.എസ് പൗരന്മാരോട് രാജ്യംവിടാന്‍ യു.എസ് ആവശ്യപ്പെട്ടു.
ഹിസ്ബുള്ളയ്ക്കുനേരേയുള്ള സൈനികനടപടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെക്കും കിഴക്കും ലെബനനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍സൈന്യം തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു.
ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായി ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിസ്ബുള്ളയുടെ ആയുധകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും 1300 ഇടത്ത് ആക്രമണം നടത്തിയെന്നും ഇസ്രയേല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഇസ്രയേലിനുനേരേ വിപുലമായ റോക്കറ്റാക്രമണം നടത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ നടത്തിയത്. 150-ഓളം റോക്കറ്റും മിസൈലും ഡ്രോണും വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള തൊടുത്തിരുന്നു. ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഇബ്രാഹിം ആഖില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായിരുന്നു ഇത്.