മിഹ്റാസ് ഹോസ്പിറ്റല്‍ ഉദ്ഘാടനം 25ന്

മിഹ്റാസ് ഹോസ്പിറ്റല്‍ ഉദ്ഘാടനം 25ന്

കോഴിക്കോട് : മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം 25ന് (ബുധനാഴ്ച) കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിക്കുമെന്ന് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്‌റാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെയിന്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, ഫിസിയോ തെറാപ്പി ആന്‍ഡ് സ്‌ട്രോക് റിഹാബിലിറ്റേഷന്‍, ക്യു ആര്‍ എസ് പെല്‍വി സെന്റര്‍, സ്പീച്ച് തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഫാര്‍മസി, ലാബ്, എക്‌സ്- റേ, ആംബുലന്‍സ് സര്‍വീസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ജനറല്‍ സര്‍ജറി, ഗൈനക്കോളജി തുടങ്ങി പത്തോളം സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് പുറമെ, ഡയാലിസിസ് സെന്റര്‍, സ്പീച്ച് തെറാപ്പി ആന്‍ഡ് ചൈല്‍ഡ് ഡെവ്‌ലെപ്‌മെന്റ് സെന്റര്‍, പരിസര ഗ്രാമവാസികളായ ക്യാന്‍സര്‍- കിഡ്‌നി രോഗിക്കള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍, നിര്‍ധന രോഗികള്‍ക്കായുള്ള പ്രത്യേക മെഡി കാര്‍ഡുകള്‍ തുടങ്ങിയവ മിഹ്‌റാസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കൂടാതെ, മര്‍കസ് നോളജ് സിറ്റിയുടെ പരിസരത്തെ 40 ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ക്ക് ആരോഗ്യ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 30 പേരുള്ള ആദ്യബാച്ചിനുള്ള സൗജന്യ ട്രെയിനിംഗ് കുടുംബശ്രീയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട്, പാലിയേറ്റീവ് കെയര്‍, നഴ്‌സിംഗ് കെയര്‍ തുടങ്ങിയ 30ഓളം മേഖലകളിലാണ് ട്രെയിനിംഗ് നല്‍കുന്നത്. ഇതുവഴി സെര്‍വിക്കല്‍ ക്യാന്‍സര്‍, സ്തനാര്‍ബുധം തുടങ്ങിയ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുക എന്നതാണ് ലക്ഷ്യം. കൂടാതെ നിര്‍ധന ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിചരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാണ് മിഹ്‌റാസ് ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
സമ്പൂര്‍ണ സംയോജിത ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഡയാലിസിസ് യൂണിറ്റ്, ചൈല്‍ഡ് ലേണിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സി എല്‍ ഡി സി) തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും മിഹ്റാസ് ഹോസ്പിറ്റലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയോര മേഖലയില്‍ മിഹ്‌റാസ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
ഉച്ചക്ക് 1.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, മിഹ്റാസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. പി വി മജീദ്, മിഹ്റാസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ. സാജിദ്, അഫ്സല്‍ കോളിക്കല്‍, നോളജ് സിറ്റി മീഡിയ കോഡിനേറ്റര്‍ മന്‍സൂര്‍ എ ഖാദിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

മിഹ്റാസ് ഹോസ്പിറ്റല്‍ ഉദ്ഘാടനം 25ന്

Share

Leave a Reply

Your email address will not be published. Required fields are marked *