കോഴിക്കോട് : സെപ്തംബര്‍ 17 മുതല്‍ ദേശീയ തലത്തില്‍ ആരംഭിച്ച ശുചിത്വ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ‘പുന:രുപയോഗം മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ ‘ എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും കേന്ദ്ര വനം – പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകളായ ദേശീയ ഹരിത സേനയുടെ കോഴിക്കോട് ജില്ല പരിശോധന സമിതി അംഗമായ എം എ ജോണ്‍സണ്‍ ക്ലാസ് എടുത്തു. റെയില്‍വേയിലെ മാലിന്യമായ പേപ്പര്‍ കപ്പുകള്‍ പുന:രുപയോഗിച്ച് ബിലാത്തികുളം ബി ഇ എം യു പി സ്‌കൂള്‍ അധ്യാപിക നീലമ ഹെറീന നിര്‍മ്മിച്ച കൗതുകവസ്തുക്കളും നഴ്‌സറി തൈകള്‍ പരിപാലിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം മണ്ണിലലിഞ്ഞു ചേരുന്ന പാളക്കവറുകള്‍ നിര്‍മ്മിച്ച് ദര്‍ശനം ഗ്രന്ഥശാല പ്രവര്‍ത്തകരായ കെ കെ സുകുമാരന്‍, വി കെ സോമന്‍ എന്നിവരുടെ പാളക്കവറുകളും പരിചയപ്പെടുത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സി കെ ഹരീഷ്, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ എം അജീഷ്, കോഴിക്കോട് ആര്‍ പി എഫ് സബ് ഇന്‍സ്പക്ടര്‍ ഷിനോജ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ലിമാ എന്നിവര്‍ പ്രസംഗിച്ചു. ഗുരുവായൂരപ്പന്‍ കോളേജ്, ദേവഗിരി സെന്റ് ജോസഫ് സ് കോളേജ്,ചേളന്നൂര്‍ ശ്രീ നാരായണ ഗുരു കോളേജ്, വെള്ളിമാട് കുന്ന് ജെ ഡി റ്റി ഇസ്ലാം കോളേജ് എന്നിവടങ്ങളില്‍ നിന്നുള്ള 50 എന്‍ സി സി കേഡറ്റുമാര്‍ റയില്‍വേ ഇര്‍സ്റ്റിറ്റിയൂട്ട് പരിസരം ശുചീകരിച്ചു. സംസ്ഥാന ശുചിത്വ മിഷന്റെ കൂടി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വൈവാരാചരണം ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ അവസാനിക്കും.