ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പര്യമറിയിച്ച് യു.എസിലെ ടെക് ഭീമന്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തോട് അനുബന്ധിച്ച് അമേരിക്കയില്‍ നടന്ന മുന്‍നിര ടെക് സിഇഒമാരുടെ കൂടിക്കാഴ്ചയിലാണ് ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പര്യമുള്ളതായി ടെക് ഭീമന്മാര്‍ അറിയിച്ചത്. ഇന്ത്യന്‍ സാമ്പത്തികസാങ്കേതിക വളര്‍ച്ചയുടെ ഫലങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ലോട്ടെ ന്യൂയോര്‍ക്ക് പാലസ് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ മോദി അഭിപ്രായപ്പെട്ടു.
നിര്‍മിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്‌സ്, ബയോടെക്‌നോളജി മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്പനികളുടെ മേധാവികളുമായാണു മോദി ചര്‍ച്ച നടത്തിയത്. സുന്ദര്‍ പിച്ചൈ, ജെന്‍സെന്‍ ഹോങ്, ശന്തനു നാരായെന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ആഗോള സമ്പദ്വ്യവസ്ഥയിലും മനുഷ്യവികസനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ശേഷിയുള്ള നൂതനാശയങ്ങള്‍ക്കായി സാങ്കേതികവിദ്യ എങ്ങനെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുന്നു എന്നും ചര്‍ച്ച ചെയ്തു. ധാര്‍മികവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം എന്ന ഉറപ്പില്‍ എല്ലാവര്‍ക്കും എഐ എന്നതാണ് ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോങ് ഐലന്‍ഡിലെ നസാവു കൊളിസിയത്തില്‍ നടന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയിലും പ്രധാനമന്ത്രി പങ്കെടുത്തു. യുഎസ്ഇന്ത്യ ബന്ധം ദൃഢമാക്കിയതില്‍ യുഎസില്‍ താമസക്കാരായ ഇന്ത്യക്കാര്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ സമൂഹം രണ്ടുരാജ്യങ്ങള്‍ക്കിടയിലെ പാലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മൂല്യങ്ങളും സംസ്‌കാരവുമാണ് ലോകത്തെ ഏതുകോണിലായാലും ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു. പ്രസംഗിക്കാനായി എഴുന്നേറ്റ പ്രധാനമന്ത്രിയെ മോദി, മോദി വിളികളോടെയാണ് കാണികള്‍ എതിരേറ്റത്.
ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പര്യമറിയിച്ച്
യു.എസ് ടെക് ഭീമന്മാര്‍