കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം ആശുപത്രിക്ക് കൈമാറുന്നതില്‍ തര്‍ക്കവും നാടകീയ രംഗങ്ങളും. മൃതദേഹം മാറ്റുന്നതില്‍ പ്രതിഷേധിച്ച മകള്‍ ആശയെയും മകനെയും ബലം പ്രയോഗിച്ചു നീക്കി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മകള്‍ ആശ ഉള്‍പ്പെടെയുള്ളവരുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു എറണാകുളം ടൗണ്‍ഹാളിലെ നാടകീയ രംഗങ്ങള്‍.
കോടതി വിധി പറഞ്ഞതിനു പിന്നാലെ മൃതദേഹത്തിനരികില്‍ ആശയും മകനും നിലയുറപ്പിച്ചു. സിപിഎമ്മിന്റെ വനിതാ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി ഇവിടെയെത്തി. അനുവദിക്കില്ലെന്നും സിപിഎം മൂര്‍ദാബാദ് എന്നും വിളിച്ച് ആശ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കിടന്നു. ഇതോടെ സിപിഎം അംഗങ്ങള്‍ പിന്നോട്ടുമാറുകയും എംഎം ലോറന്‍സിന്റെ മറ്റൊരു മകള്‍ സുജാത അടക്കമുള്ള ബന്ധുക്കള്‍ ഇവര്‍ക്കരികിലെത്തുകയും ആശയുടെ മകനെ ബലമായി മൃതദേഹത്തിനരികില്‍ നിന്നു മാറ്റുകയും ബന്ധുക്കള്‍ ഇടപെട്ട് സംഭവങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു.
ലോറന്‍സിനെ തന്റെ അമ്മ ബേബിയെ സംസ്‌കരിച്ചിരിക്കുന്ന കലൂര്‍ കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്നാണ് ആശയുടെ ആവശ്യം. ആശയുടെ മകന്‍ മിലന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ എം.എം.ലോറന്‍സ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎം എം.എം.ലോറന്‍സിനെ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് എന്നായിരുന്നു ആശയുടെ നിലപാട്. മൃതദേഹം ആശുപത്രിക്ക് കൈമാറുന്നതിനെതിരെ ഞായറാഴ്ച തന്നെ ഫെയ്‌സ്ബുക് പോസ്റ്റുമായി ആശ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ ലോറന്‍സിന്റെ മൃതദേഹം കളമശേരിയിലുള്ള എറണാകുളം ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. എത്രയും വേഗം മൃതദേഹത്തിന്റെ കാര്യത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനമെടുത്തേക്കും.