കോഴിക്കോട്: ദുഷ്ടതകള്‍ക്ക് മേല്‍ സത്യത്തിന്റെ ഭാഷ ജ്വലിപ്പിക്കാനും കാലത്തിന്റെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോവാത്ത ദര്‍ശനങ്ങളെ രൂപപ്പെടുത്താനും കലാകാരന്‍മാര്‍ക്ക് സാധിക്കണമെന്ന് പി.കെ ഗോപി പറഞ്ഞു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ജില്ലാ ശില്പശാല കോഴിക്കോട് ശിക്ഷക് സദനിലെ തോപ്പില്‍ഭാസി നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രപഞ്ചത്തിലെ ഏറ്റവും സത്യസന്ധവും മനോഹരവുമായ കല ജീവിതമാണ്. ജീവിതത്തെ ശരിയായ രീതിയില്‍ മുന്നോട്ട് നയിച്ചവരാണ് ചരിത്രപുരുഷന്‍മാര്‍. കണ്ണാടിക്ക് മുമ്പിലേ നമുക്ക് നമ്മെ തിരുത്താനാവുകയുള്ളു.
സമൂഹമാണ് കണ്ണാടി. പ്രത്യയശാസ്ത്രം കണ്ണാടിക്ക് പിറകില്‍ കൊണ്ടുപോയി വെക്കരുത്. കലാകാരന്‍മാര്‍ കിളിയുടെ ജന്മം കിട്ടിയ മഹാഭാഗ്യവാന്‍മാരാണ്. അവര്‍ ആകാശത്തിലേക്ക് ഉയര്‍ന്നുപറക്കും. അവരെ ആരും ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കില്ല. കലയും തന്റെ ഭാവനയും കൊണ്ട് മാറ്റത്തിന്റെ പരവതാനി നിവര്‍ത്താനാണ് കലാരംഗത്തെത്തുന്നവര്‍ ശ്രമിക്കേണ്ടത്. വാളും തോക്കും വാരിക്കുന്തവുമില്ലാതെയാണ് ശ്രീനാരായണഗുരു കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ചത്. അക്ഷരവും പ്രതീകങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആയുധം. ആഴങ്ങളില്‍ നിന്ന് അദ്ദേഹം ശിലയും ജീവിതങ്ങളും കണ്ടെത്തി. തന്റെ അനുഭവങ്ങളുടെ ആഴത്തില്‍ നിന്ന് ജീവിതം കണ്ടെത്താന്‍ കലാകാരന്‍മാര്‍ക്ക് സാധിക്കേണ്ടതുണ്ട്. ആ യാത്രയില്‍ അവര്‍ക്ക് വഴികാട്ടിയാവാന്‍ ഇപ്റ്റ ഉണ്ടാവുമെന്നും പി.കെ.ഗോപി പറഞ്ഞു.
മുതിര്‍ന്ന നാടകനടിയും ജില്ലാരക്ഷാധികാരിയുമായ എല്‍സി സുകുമാരന്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് എ. ജി.രാജന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും വിവര്‍ത്തകനുമായ എ. പി കുഞ്ഞാമു പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അനില്‍മാരാത്ത് ശില്‍പശാല പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍, സ്വാഗതസംഘം രക്ഷാധികാരി കെ.കെ ബാലന്‍ മാസ്റ്റര്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ നാസര്‍,ബിജു പെരുമ്പുഴ, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എ കെ സുകുമാരന്‍, ജില്ലാകമ്മിറ്റി മെമ്പര്‍ സുരേഷ് അമ്പാടി എന്നിവര്‍ സംസാരിച്ചു. ഇപ്റ്റ ഗായകസംഘം സ്വാഗതഗാനം ആലപിച്ചു. ഇപ്റ്റ ദേശീയ ജോ. സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ ആര്‍ ജയകുമാര്‍ (പുതിയകാലം പുതിയ നാടകവഴികള്‍), നവമാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ മണാശ്ശേരി (കലാപ്രവര്‍ത്തനവും സോഷ്യല്‍ മീഡിയയും), കവിയും ഇപ്റ്റ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറുമായ എം എം സചീന്ദ്രന്‍ (കലയുടെ രാഷ്ട്രീയം ഇന്ത്യന്‍ പുരാവൃത്തങ്ങളില്‍), എന്നിവര്‍ പ്രഭാഷണം നടത്തി.
ടി.പി. റഷീദ്, പ്രേംകുമാര്‍. പി,അഡ്വ.ബിജു റോഷന്‍,കുര്യന്‍ സി.ജോണ്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് ആമുഖഭാഷണം നടത്തി.ജില്ലാസെക്രട്ടറി സദാനന്ദന്‍ സി. പി.ഭാവിപ്രവര്‍ത്തനരേഖയും ഇപ്റ്റ ഗായകസംഘം സംഗീതവിരുന്നും അവതരിപ്പിച്ചു.
പ്രശസ്തഗായകനും സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറുമായ വി ടി മുരളി (ജനകീയ സംഗീതവും ഫോക് ലോറും), ദൃശ്യമാധ്യമ പ്രവര്‍ത്തകനും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബൈജുചന്ദ്രന്‍ (ഇപ്റ്റ: ചരിത്രം വര്‍ത്തമാനം) എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍ ഉദ്ഘാടനം ചെയ്യും.
കലാകാരന്‍മാര്‍ കാലത്തിന്റെ വെളിച്ചമാകണം; പി.കെ.ഗോപി