തിരുവനന്തപുരം: അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെപിഎസിയിലൂടെയാണ് കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളര്‍ന്നതും. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങള്‍ മലയാളികളില്‍ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചത്.
മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളിലൂടെ അവര്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കും. കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചനത്തില്‍ അറിയിച്ചു.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും അമ്മ വേഷങ്ങളില്‍ നിറഞ്ഞു നിന്നപ്പോഴും അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാനും അവര്‍ക്ക് സാധിച്ചു. മന്ത്രി സജി ചെറിയാന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.
വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ആദ്യകാല താരങ്ങളുടെയും പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും അമ്മയായി കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍” വി.ഡി.സതീശന്‍ അറിയിച്ചു
കവിയൂര്‍ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാണ്. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നേടിയതെന്നും അദ്ദേഹം ഓര്‍മ്മിച്ചു.അവരുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കെ.സുരേന്ദ്രന്‍ അറിയിച്ചു.
കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
അനുശോചനം സരേഖപ്പെടുത്തി