സംഗീത വിരുന്നുമായി കൈതപ്രം; മുത്ത് പതിച്ച സഫ്ടിക ശില്‍പ്പം സമ്മാനിച്ച് എം.എ യൂസഫലി

സംഗീത വിരുന്നുമായി കൈതപ്രം; മുത്ത് പതിച്ച സഫ്ടിക ശില്‍പ്പം സമ്മാനിച്ച് എം.എ യൂസഫലി

ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ സംഗമവേദിയായി കാരുണ്യം വീട്

കോഴിക്കോട് : മണ്ണിനോടും പ്രകൃതിയോടും ഇഴുകിചേര്‍ന്ന് നില്‍ക്കുന്ന തിരുവണ്ണൂരിലെ കാരുണ്യം വീട്ടിലേക്ക് അപ്രതീക്ഷിതമായാണ് എം.എ യൂസഫലി എത്തിയത്. തിരക്കുകള്‍ക്കിടയിലും കോഴിക്കോടെത്തിയ ഉടനെ ആദ്യം ആഗ്രഹിച്ചതും പ്രിയമിത്രത്തെ കാണാന്‍. അതിഥിയായെത്തിയ കച്ചവടത്തിന്റെ കലാകാരനെ ഹൃദയംനിറഞ്ഞ സംഗീതത്തോടെ കൈതപ്രം സ്വീകരിച്ചു. ലുലുവിനുള്ള സ്വാഗതം ഗാനം കൈതപ്രത്തിന്റെ ശിഷ്യര്‍ ഏറ്റുപാടിയത് മനംനിറഞ്ഞ് കേട്ടിരുന്നു എം.എ യൂസഫലി. പിന്നാലെ പ്രിയസുഹൃത്തിന് കൈയ്യില്‍ കരുതിയ മുത്ത് പതിച്ച സഫ്ടിക ശില്‍പ്പം സമ്മാനിച്ചു. സൗഹൃദസംഗമത്തിന്റെ നേര്‍സാക്ഷ്യമായി മാറി കൈതപ്രത്തിന്റെ വസതി.

കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന തിരക്കുകള്‍ക്കിടയിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വീട് എം.എ യൂസഫലി സന്ദര്‍ശിച്ചത്. മികച്ച സുഹൃദ്ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. പ്രായത്തില്‍ അനുജനാണെങ്കിലും സ്‌നേഹവും ബഹുമാനവും കൊണ്ട് ഇക്കയെന്നാണ് യൂസഫലിയെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിളിക്കുന്നത്. കോഴിക്കോട് എത്തിയ ഉടനെ തന്നെ നേരില്‍ കാണാന്‍ യൂസഫലി എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ലുലു കോഴിക്കോട് തുറക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ സ്വന്തം കുടുംബത്തിലെ സംഭവം നടക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്ന് കൈതപ്രം കൂട്ടിചേര്‍ത്തു. ഭൗതികതയുടെ ഉത്യുംഗശൃംഖത്തില്‍ എത്തിയപ്പോഴും ആത്മീയത വിടാത്ത മതത്തിന്റെ സത്ത വിടാത്ത മതേതരത്വമുള്ള വലിയ മനുഷ്യനാണ് എം.എ യൂസഫലിയെന്ന് കൈതപ്രം വ്യക്തമാക്കി.

പ്രിയസുഹൃത്തിന് പരിശുദ്ധമായ മുത്താണ് എം.എ യൂസഫലി സമ്മാനിച്ചത്. മഴനീര്‍ തുള്ളിയെ മുത്തായി മാറ്റും നന്മണിചിപ്പിയെ പോലെ എന്ന തന്റെ ഗാനം ഉപമിച്ചാണ് കൈതപ്രം നമ്പൂതിരി സുഹൃത്തിന്റെ സമ്മാനം ഏറ്റുവാങ്ങിയത്. മഴത്തുള്ളിയുടെ തപസ് പോലെ യൂസഫലിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് ലുലുവിന്റെ വിജയമെന്നും സമ്മാനം ഹൃദയത്തില്‍ സൂക്ഷിക്കുമെന്നും കൈതപ്രം നമ്പൂതിരി വ്യക്തമാക്കി. ജീവിതത്തിലെ എണ്ണപ്പെട്ട നിമിഷമായി ഈ കൂടിക്കാഴ്ചയെ കണക്കാക്കുന്നുവെന്നും അദേഹം കൂട്ടിചേര്‍ത്തു. ഏറെ നേരം കൈതപ്രം നമ്പൂതിരിക്കും കുടുംബത്തിനുമൊപ്പം വിശേഷങ്ങള്‍ പങ്കിട്ട ശേഷമാണ് യൂസഫലി മടങ്ങിയത്.

 

സംഗീത വിരുന്നുമായി കൈതപ്രം;
മുത്ത് പതിച്ച സഫ്ടിക ശില്‍പ്പം
സമ്മാനിച്ച് എം.എ യൂസഫലി

Share

Leave a Reply

Your email address will not be published. Required fields are marked *