ഗുരുവായൂര്‍: തൃശ്ശൂര്‍ വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി (36) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസത്തേക്കാണ് നിയമനം.ക്ഷേത്രം നാലമ്പലത്തിലെ നമസ്‌കാര മണ്ഡപത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. 18 വര്‍ഷമായി വേലൂര്‍ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.
യോഗ്യരായ 42 പേരുകളായിരുന്നു നറുക്കെടുപ്പിന് ഉണ്ടായിരുന്നത്. തന്ത്രിമാരായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി നറുക്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് നമ്പൂതിരിയുടെ പേര് അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ പ്രഖ്യാപിച്ചു.
എട്ട് തവണയാണ് ശ്രീജിത്ത് നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കിയത്. ആദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പുതുമന പരമേശ്വരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ: കൃഷ്ണശ്രീ, മക്കള്‍: ആരാധ്യ, ഋഗ്വേദ്.