കല്‍പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെയും പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണവും എല്ലാം നഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞശ്രുതിയുടെ കാവല്‍ വിളക്കായ
ജെന്‍സനും വിടവാങ്ങി. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ജെന്‍സന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടത്തും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍നിന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അമ്പലവയല്‍ ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് നാലു മണിയോടെ ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും.
ജെന്‍സന്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില്‍ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചു ശ്രുതിയെ ജെന്‍സനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.