കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദങ്ങളുണ്ടാവുകയും സംഘടനയായ അമ്മയുടെ ഭരണ സമിതി പിരിച്ചു വിടുകയും ചെയ്തു.എന്നാല്‍ ട്രേഡ് യൂണിയന്‍ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേര്‍ വിവിധ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിച്ചു. പിളര്‍പ്പല്ല ഉദ്ദേശിക്കുന്നതെന്നും അമ്മ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു ആലോചനയെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ ദുര്‍ബലമായ പ്രതികരണം അമ്മയ്ക്കുള്ളില്‍ തന്നെ പൊട്ടിത്തെറികള്‍ക്ക് വഴിവയ്ക്കുകയും ഇതിനു പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കുകയുമായിരുന്നു. ഇതിനിടെയാണ് സംഘടനയിലെ 20ഓളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്ക ചെയര്‍മാന്‍ സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെയും കാണുന്നത്.
സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകള്‍ ഇപ്പോള്‍ തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉള്‍പ്പെടുത്തണമെങ്കില്‍ ജനറല്‍ കൗണ്‍സില്‍ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനുമൊക്കെ രൂപം നല്‍കുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ അമ്മ അംഗങ്ങള്‍
ഫെഫ്കയെ സമീപിച്ചു