തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തിലും വിശ്വസ്തനെ സംരക്ഷിച്ച് മുഖ്യമന്ത്രി.സിപിഎമ്മില്‍ നിന്നും ഘടക കക്ഷികളില്‍ നിന്നും കടുത്ത സമ്മര്‍ദം ഉണ്ടായിട്ടും എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിയെടുത്തില്ല. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം കഴിയുന്നതുവരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. തിരുവനന്തപുരത്ത് നടന്ന എല്‍ഡിഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം.അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. ആര്‍ജെഡിയാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. നടപടി വേണമെന്ന് സിപിഐയും നിലപാട് വ്യക്തമാക്കി. എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു തൊട്ടു മുമ്പും സിപിഐ നിലപാട് കടുപ്പിച്ചിരുന്നു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാട് മുന്നണി യോഗത്തിന് മുന്‍പ് എം.വി ഗോവിന്ദനെ ബിനോയ് വിശ്വം അറിയിച്ചിരുന്നു.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം. ആര്‍ അജിത്കുമാര്‍ അവിടെയെത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എം. ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് വെളിപ്പെടുത്തിയത്.
എല്‍ഡിഎഫ് യോഗത്തിലും വിശ്വസ്തനെ സംരക്ഷിച്ച് മുഖ്യമന്ത്രി