കോഴിക്കോട് : പി മണികണ്ഠന്‍ രചിച്ച ‘എസ്‌കേപ് ടവര്‍’ എന്ന നോവല്‍ പ്രവാസത്തിന്റെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ വ്യത്യസ്ത തലത്തില്‍ ആവിഷ്‌കരിക്കുന്ന കൃതിയാണെന്ന് കാലിക്കറ്റ് ബുക് ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത എഴുത്തുകാര്‍ അഭിപ്രായപെട്ടു. വേദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊ കെ. ഇ എന്‍ നോവല്‍ പ്രകാശനം ചെയ്തു.ആത്മകഥാപരമായ പ്രവാസ ജീവിതം പ്രമേയമായ നോവലാണ് എസ്‌കേപ് ടവര്‍ എന്ന് പ്രൊഫ:കെ.ഇ.എന്‍ പറഞ്ഞു. പ്രവാസികളായ മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ലോകത്തെല്ലായിടത്തും ഒരു പോലെയാണ്, മണികണ്ഠന്‍ ആ സമസ്യകളെയാണ് ആവിഷ്‌കരിക്കുന്നത് എന്ന്,പുസ്തകം ഏറ്റുവാങ്ങി കൊണ്ട് ഐസക് ഈപ്പന്‍ അഭിപ്രായപ്പെട്ടു. പ്രവാസ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ നോവലിസ്റ്റ് ഈ നോവലില്‍ ആവിഷ്‌കരിക്കുന്നുണ്ട്, പാലക്കാടന്‍ ഗ്രാമീണ ജീവിതവും, മുംബൈയിലെ ചേരി പ്രദേശങ്ങളും, മദ്ധ്യ പൗരസ്ത്യ ദേശത്തിന്റെ വികാസ പരിണാമങ്ങളും മണികണ്ഠന്‍ ചേര്‍ത്തുവെക്കുന്നുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ഡോ. പി.കെ പോക്കര്‍ പറഞ്ഞു. കുടിയേറ്റ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ മനോഹരമായി കണ്ണി ചേര്‍ക്കപ്പെട്ട രചനയാണ് എസ്‌കേപ് ടവര്‍ എന്ന് പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു. ഡോ എം സി അബ്ദുള്‍ നാസര്‍ പുസ്തകം പരിചയപ്പെടുത്തി. ഡോമിനി പ്രസാദ്, ഡോ.പി.ശിവപ്രസാദ്, വി.എ.കബീര്‍, കെ.ജി രഘുനാഥ്, വില്‍സന്‍ സാമുവല്‍ , ഹരീന്ദ്രനാഥ്.എ.എസ്, ഡോ.എന്‍.എം.സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
‘എസ്‌കേപ്പ് ടവര്‍ ‘ നോവല്‍ പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു