കോഴിക്കോടിന്റെ വാണിജ്യ പാരമ്പര്യം ലോകപ്രശസ്തമാണ്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം നീളുന്ന ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കച്ചവട സംസ്‌കാരത്തിന്റെ പിന്‍മുറക്കാരാണ് കോഴിക്കോട്ടുകാര്‍. മധുരത്തിന്റെ നഗരം, നന്മയുടെ നഗരം ഇപ്പോള്‍ യുനെസ്‌കോയുടെ അംഗീകാരത്തോടെ സാഹിത്യ നഗര പദവികൂടി ലഭിച്ച കോഴിക്കോടിന്റെ ഭൂപടത്തില്‍ മറ്റൊരധ്യായം കൂടി എഴുതിച്ചേര്‍ത്ത് മലയാളികള്‍ക്ക് അഭിമാനവും പ്രവാസി മലയാളികളുടെ മാതൃകാ നേതൃത്വവും, പ്രവാസി വ്യവസായിയും, മലയാളികളില്‍ ഏറ്റവും സമ്പന്നനും ,സാമൂഹിക ജീവകാരുണ്യരംഗത്തെ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന പത്മശ്രീ എംഎ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുമാള്‍ നഗരത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗള്‍ഫിലെത്തിയ അദ്ദേഹം ചെറിയ ബിസിനസ് ആരംഭിക്കുകയും കഠിനാധ്വാനത്തിലൂടെയും അര്‍പ്പണ ബോധത്തോടെയും അത് വളര്‍ത്തിയെടുക്കുകയും ചെയ്തു. മലയാളികളുള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തുള്ള പതിനായിരങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്ന മാതൃകയായ ഒരു തൊഴില്‍ ദാതാവും കൂടിയാണ് എം എ യൂസഫലി. അമ്പതാണ്ടുകള്‍ക്ക്മുമ്പ് മലയാളികള്‍ കഠിനമായ പ്രയാസങ്ങള്‍ നേരിട്ടാണ് ഗള്‍ഫ് നാടുകളില്‍ എത്തിയത്.
പ്രതികൂലമായ സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് തങ്ങള്‍ ചെന്നെത്തിയ നാടിനെയും പിറന്നനാടിനെയും പ്രവാസികള്‍ പുരോഗതിയിലേക്ക് നയിച്ചത്. പ്രവാസ ജീവിതം നയിക്കുകയും അതിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തപ്പോള്‍ പ്രവാസികളില്‍ പലരും ജന്മനാടിനെ മറന്നില്ല. അതിന് മകുടോദാഹരണമാണ് എംഎ യൂസുഫലിയടക്കമുള്ള പ്രവാസികള്‍ കേരളത്തിലാരംഭിക്കുന്ന സംരംഭങ്ങള്‍. ലുലുമാള്‍ കോഴിക്കോട് ആരംഭിക്കുന്നതോടെ തദ്ദേശീയരായ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതില്‍ സംശയമില്ല. ലോകത്തിന്റെ പല ഭാഗത്ത്‌നിന്നും കോഴിക്കോടിനെതേടി ആളുകള്‍ വരാറുണ്ട്. ഈ നാടിനെതൊട്ടറിയാനും കാഴ്ചകള്‍ കാണാനും പഠനാവശ്യാര്‍ഥവും കച്ചവടാവശ്യാര്‍ത്ഥവും ഇവിടെയെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ ഗംഭീരമായ ഒരുവ്യാപാര കേന്ദ്രം കൂടി തുറക്കപ്പെടുകയാണ്. വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള സമീപ ജില്ലകളിലുള്ളവരും ലുലുമാള്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അത് കോഴിക്കോടിന് കൂടുതല്‍ മിഴിവേകും. ആഗോളാടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ലോകമാര്‍ക്കറ്റ് കൈയടക്കുമ്പോള്‍ അതിനെതിരായ ജനകീയ ബദലുകള്‍ രൂപപ്പെടേണ്ടതുണ്ട്. ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ പണം ഇവിടെതന്നെ നിക്ഷേപിക്കപ്പെടുമെന്നതിലും സംശയമില്ല. നിലവില്‍ തിരുവനന്തപുരത്തും, തൃശൂര്‍, കൊച്ചിയിലും ലുലുമാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും പദ്ധതികള്‍ ആരംഭിക്കുമെന്ന് എംഎ യൂസുഫലി വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ മലയാളികളുടെ തന്നെ സംരംഭങ്ങള്‍ ഉയര്‍ന്നു വരട്ടെ. ജോലി അന്വേഷിച്ചു യുവതലമുറ കടല്‍കടക്കുന്നതിന് ഒരു പരിധി വരെ അറുതി വരുത്താന്‍ ഇത്തരം സംരംഭങ്ങള്‍ വഴിയൊരുക്കും. എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായിരുന്ന ഒരു നാടായിരുന്നു കോഴിക്കോട്.
ഭൂതകാലത്ത് തലയുയര്‍ത്തിപ്പിടിച്ച പല സ്ഥാപനങ്ങളും ഇന്നില്ല. കെടുകാര്യസ്ഥതയും, സ്വാര്‍ത്ഥ താല്പര്യങ്ങളും അനാവശ്യ ഇടപെടലും ആണ് ഇത്തരം സ്ഥാപനങ്ങളെ തകര്‍ത്തത്. ഇനി ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്, ലോക പ്രശസ്തമായിരുന്ന കോംട്രസ്റ്റ് വീവിങ് ഫാക്ടറി, നെടുങ്ങാടി ബാങ്ക്, സ്റ്റീല്‍ കോംപ്ലക്‌സ് എന്നിവയെല്ലാം പലതരത്തിലുള്ള തെറ്റായ നടപടികള്‍ കൊണ്ട് തകര്‍ന്നവയാണ്. ഈ സ്ഥാപനങ്ങള്‍ ഇന്നുണ്ടായിരുന്നെങ്കില്‍ കോഴിക്കോടിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. കോഴിക്കോടിന്റെ ദീര്‍ഘകാല ആവശ്യമാണ് എയിംസ് കോഴിക്കോട് സ്ഥാപിക്കുകയെന്നത്. അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കിനാലൂരില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. നഗരത്തില്‍ മോണോറെയില്‍ സ്ഥാപിക്കാനുള്ള കാര്യങ്ങളും ബന്ധപ്പെട്ടവര്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇ ന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും കോഴിക്കോട് കുതിക്കുകയാണ്. ഐടി ഹബ്ബാകാന്‍ കോഴിക്കോട് ഒരുങ്ങുകയാണ്. കാരശ്ശേരി സര്‍വിസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ചെയര്‍മാന്‍ എന്‍കെ അബ്ദുറഹ്‌മാന്‍ മുന്‍കൈയെടുത്ത് നഗരത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന അന്താരാഷ്ട്ര സഹകരണ മ്യൂസിയവും ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ്. പുരോഗതിയിലേക്ക് കുതിക്കുന്ന കോഴിക്കോടിന്റെ കൊടിയടയാളമായി മാറാന്‍ ലുലു മാളിന് സാധിക്കട്ടെ. ഈ മഹത്തായ വ്യാപാര സമുച്ചയം കോഴിക്കോടിന് സമ്മാനിച്ച എം എ യൂസഫലിക്ക് പീപ്പിള്‍ റിവ്യൂവിന്റെ അഭിനന്ദനങ്ങള്‍.
ലുലുമാളിനെ വിജയവഴിയിലേക്ക് നയിക്കാന്‍ നമുക്കൊന്നിച്ച് പിന്തുണക്കാം.