കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ‘പോയ്ന്റ് ഓഫ് കോള്‍’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍’
ചെയര്‍മാന്‍ രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ 15 ന് മട്ടന്നൂരില്‍ ആരംഭിക്കുന്ന ‘അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന്റ പോസ്റ്റര്‍’, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ പ്രകാശനം ചെയ്തു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ്, കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീമ ടീച്ചര്‍, ടാക്‌സ് അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്ദീന്‍, കൗണ്‍സിലര്‍ ജയസൂര്യന്‍, വേക്ക് വൈസ് ചെയര്‍മാന്‍ ടി. ഹംസ, പ്രവാസി കോണ്‍ഗ്രസ് നേതാവ് എം. പി മോഹനാംഗന്‍, ഒ.ഐ.സി.സി നേതാക്കളായ ലത്തീഫ് മക്രേരി, ശ്രീജിത്ത് ഭാസ്‌കരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രവാസികളുടെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ ആരംഭിക്കുന്ന ത്യാഗ്രഹ സമരത്തില്‍, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് പാലക്കി പറഞ്ഞു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ‘പോയ്ന്റ് ഓഫ് കോള്‍’ പദവി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതുവരെ നിരാഹാര സത്യാഗ്രഹം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് വ്യക്തമാക്കി.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ’ നേതൃത്വത്തില്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികളുടെ സഹകരണത്തോടെ രണ്ട് മാസം മുന്‍പാണ് ‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍’ പ്രവര്‍ത്തനം ആരംഭിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, കണ്ണൂര്‍ ജില്ലയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളേയും പ്രവര്‍ത്തകരേയും അണിനിരത്തി, ഓഗസ്റ്റ്14 ന് മട്ടന്നൂരില്‍ സംഘടിപ്പിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കണ്‍വെന്‍ഷനും ശ്രദ്ധേയമായിരുന്നു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ പാര്‍ട്ടിക്കാരെയും ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള പ്രവാസികളുടെ ജനകീയ മുന്നേറ്റമായി ‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍’ മാറിക്കഴിഞ്ഞുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
പ്രവാസികളുടെ നിരാഹാര സത്യാഗ്രഹത്തിന്റെ
പോസ്റ്റര്‍ പ്രകാശനം ചെയ്തു